Latest News :
Home » , » അദാനി ഗ്രൂപ്പിന് 200 കോടി രൂപ പിഴ ചുമത്തിയ യു.പി.എ നടപടി മോദി സര്‍ക്കാര്‍ പിന്‍വലിച്ചു

അദാനി ഗ്രൂപ്പിന് 200 കോടി രൂപ പിഴ ചുമത്തിയ യു.പി.എ നടപടി മോദി സര്‍ക്കാര്‍ പിന്‍വലിച്ചു

Written By Muhimmath News on Saturday, 2 July 2016 | 12:16

ന്യൂദല്‍ഹി: പരിസ്ഥിതി നിയമലംഘനത്തിന്  ആദാനി പോര്‍ട്‌സ് ആന്റ് സെസിന് യു.പി.എ സര്‍ക്കാര്‍ ചുമത്തിയ 200 കോടി രൂപ പിഴ കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചു. പരിസ്ഥിതി നിയമലംഘനത്തിന്റെ പേരില്‍ ചുമത്തിയ ഏറ്റവും വലിയ പിഴയാണിത്. ബിസിനസ് സ്റ്റാന്റേര്‍ഡാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഗുജറാത്തിലെ മുന്ദ്രയില്‍ അദാനി പോര്‍ട്‌സ് ആന്റ് സെസിന്റെ നദീതട വികസന പദ്ധതിക്ക് 2009ല്‍ നല്‍കിയ പാരിസ്ഥിതിക അനുമതി പരിസ്ഥിതി മന്ത്രാലയം നീട്ടി നല്‍കുകയും ചെയ്തു. ഇതിനായി നേരത്തെ മന്ത്രാലയം ആദാനി ഗ്രൂപ്പിനു നല്‍കിയ നോട്ടീസില്‍ പറയുന്ന കര്‍ശന നിബന്ധനകള്‍ പലതും പിന്‍വലിക്കുകയും ചെയ്തതായി ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.

2015 സെപ്റ്റംബറിലാണ് പിഴ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.. 2015 ഒക്ടോബറിലാണ് പരിസ്ഥിതികാനുമതി നീട്ടിക്കൊണ്ടുള്ള ഉത്തരവ് നല്‍കിയത്.

അദാനിയുടെ മുന്‍ദ്ര പ്രോജക്ടിനെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ പരാതി വന്നതിനെ തുടര്‍ന്ന് 2012 പദ്ധതിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി സുനിത നരൈന്‍ കമ്മിറ്റിക്കു രൂപം കൊടുത്തിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് സുനിത നരൈന്‍ കമ്മിറ്റി റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തിരുന്നു. പ്രദേശത്തെ ജൈവവ്യവസ്ഥയ്ക്ക് വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും പ്രദേശത്തെ അരുവികള്‍ക്കും കണ്ടല്‍ക്കാടുകള്‍ക്കും നാശം സംഭവിച്ചെന്നും കണ്ടെത്തിയിരുന്നു.
ഏറ്റവുമധികം നാശനഷ്ടങ്ങള്‍ക്കു കാരണമായ പ്രോജക്ടിന്റെ വടക്കന്‍ തുറമുഖം നിരോധിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. കൂടാതെ 200 കോടി രൂപയോ പ്രോജക്ട് ചെലവിന്റെ ഒരു ശതമാനമോ ഇതില്‍ ഏതാണ് ഏറ്റവും കൂടുതലെങ്കില്‍ അത് പിഴയായി ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
2013ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ ഈ ശുപാര്‍ശകള്‍ പരിശോധിക്കുകയും അദാനി പോര്‍ട്‌സ് ആന്റ് സെസിനും ഗുജറാത്തിലെ ഉദ്യോഗസ്ഥര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ നിയമലംഘനം നടന്നിട്ടില്ലെന്ന നിലപാടാണ് അദാനി പോര്‍ട്‌സ് ആന്റ് സെസ് സ്വീകരിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ ഇവര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന സമീപനവും സ്വീകരിച്ചു.
എന്നാല്‍ ഈ മറുപടി തൃപ്തികരമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്മിറ്റിയുടെ ശുപാര്‍ശയുമായി മുന്നോട്ടുപോകാനും അദാനി പോര്‍ട്‌സ് ആന്റ് സെസിന് പിഴചുമത്താനും യു.പി.എ സര്‍ക്കാര്‍ തീുരമാനിക്കുകയായിരുന്നു. ഇതനുസരിച്ചാണ് 200 കോടി രൂപ പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനമാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.
ഈ തീരുമാനം സംബന്ധിച്ച വിശദീകരണം ആരാഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാറും അദാനി ഗ്രൂപ്പും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved