Latest News :
Home » , » സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ കടന്നുപിടിച്ചുവെന്ന് ദൃക്‌സാക്ഷി

സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ കടന്നുപിടിച്ചുവെന്ന് ദൃക്‌സാക്ഷി

Written By Muhimmath News on Thursday, 28 July 2016 | 18:44





ദൃക്‌സാക്ഷി ഷാജി

കൊച്ചി: സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് ദൃക്‌സാക്ഷി മൊഴി. എം.ജി റോഡില്‍ ഹോട്ടല്‍ നടത്തുന്ന ഷാജിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണസംഘത്തിനാണ് ഷാജി മൊഴി നല്‍കിയത്. ഈ കേസുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതാണ് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവെച്ചത്.

കോടതിക്കുള്ളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച അഭിഭാഷകസംഘം പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തെയും കടന്നാക്രമിച്ചു. കെ.യു.ഡബ്ലു.ജെ നേതൃത്വത്തില്‍ ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയായിരുന്നു ആക്രമണം. കേസ് സ്‌റ്റേ ചെയ്യണമെന്ന പ്രതിയും സര്‍ക്കാര്‍ പ്ലീഡറുമായ ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹരജി ഹൈകോടതി നേരത്തെ തള്ളിയിരുന്നു.

ജൂലൈ 14ന് രാത്രി 7.10ന് എറണാകുളം ഉണ്ണിയാട്ടില്‍ ലെയിനില്‍വെച്ച് ഞാറക്കല്‍ സ്വദേശിയായ യുവതിയെ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ കയറിപ്പിടിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരപ്രകാരം രാത്രി കാനന്‍ഷെഡ് റോഡില്‍വെച്ചു ദനേഷ് പിടിയിലായി. ആളുമാറിയാണ് പരാതി നല്‍കിയതെന്ന് യുവതി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്ന് ധനേഷിന് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ധനേഷും കേരള ഹൈകോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷനും രംഗത്തെത്തിയതോടെ സംഭവം വിവാദമായി.

ആരോപണത്തിനെതിരെ രംഗത്തെത്തിയ കൊച്ചി സിറ്റി പൊലീസ്, യുവതി ബഹളമുണ്ടാക്കിയതോടെ നാട്ടുകാരും ഓട്ടോറിക്ഷക്കാരുമാണ് ധനേഷിനെ തടഞ്ഞു നിര്‍ത്തിയതെന്ന് അറിയിച്ചു. യുവതി പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ധനേഷിനെ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ചാണ് കേസെടുത്തത്. സര്‍ക്കാര്‍ അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കാരിയെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ജില്ലാ പോലീസ് മേധാവി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇംഗ്ലീഷില്‍ തയാറാക്കിയ പേപ്പറില്‍ പരാതിക്കാരിയെ കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടുവിപ്പിച്ചെന്നും കോടതിയില്‍ നല്‍കാനുള്ള സത്യവാങ്മൂലത്തില്‍ കൃത്രിമം നടത്തിയെന്നുമാണ് ആരോപണം. ഈ സാഹചര്യത്തില്‍ യുവതിയുടെ രഹസ്യമൊഴി കൊച്ചി മജിസ്‌ട്രേട്ട് രഹ്ന രാജീവ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved