Latest News :
Home » , » ദലിതുകള്‍ കന്നുകാലികളുടെ ജഡങ്ങള്‍ സംസ്‌കരിക്കുന്നതു നിര്‍ത്തി; ഗുജറാത്തില്‍ അധികൃതര്‍ മുട്ടുമടക്കുന്നു

ദലിതുകള്‍ കന്നുകാലികളുടെ ജഡങ്ങള്‍ സംസ്‌കരിക്കുന്നതു നിര്‍ത്തി; ഗുജറാത്തില്‍ അധികൃതര്‍ മുട്ടുമടക്കുന്നു

Written By Muhimmath News on Saturday, 30 July 2016 | 10:37

അഹ്മദാബാദ്: കന്നുകാലികളുടെ ജഡം സംസ്‌കരിക്കുന്ന ജോലി ഗുജറാത്തിലെ ദലിതുകള്‍ നിര്‍ത്തി. ഉനയില്‍ ദലിതുകളെ ഗോ രക്ഷകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. പരമ്പരാഗതമായി ചത്ത മൃഗങ്ങളുടെ തൊലിയുരിയുന്ന തൊഴില്‍ ചെയ്യുന്ന ദലിതുകള്‍ ഒരാഴ്ചയോളമായി ജോലി ബഹിഷ്‌കരിച്ചുവരികയാണ്.

ഗോ രക്ഷകരില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നുമാണ് അവരുടെ ആവശ്യം. ദലിതുകളുടെ ജോലി ബഹിഷ്‌കരണംമൂലം സുരേന്ദ്രനഗര്‍ പോലുള്ള നഗരത്തില്‍ ചത്ത മൃഗങ്ങളുടെ ജഡം സംസ്‌കരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഏറെ ക്ലേശിക്കുകയാണ്. മുനിസിപ്പാലിറ്റിയിലെ ചില ഉദ്യോഗസ്ഥരുടേയും കന്നുകാലികളെ വളര്‍ത്തുന്നവരുടേയും സഹായത്തോടെയാണ് മൃഗങ്ങളുടെ ജഡങ്ങള്‍ സംസ്‌കരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 88 കന്നുകാലികളുടെ ജഡങ്ങള്‍ ഇപ്രകാരം സംസ്‌കരിച്ചുവെന്ന് സുരേന്ദ്രനഗര്‍ ജില്ലാകലക്ടര്‍ ഉദിത് അഗര്‍വാള്‍ പറഞ്ഞു.

ദലിതുകളുടെ ആവശ്യം സര്‍ക്കാരുമായി ഉടന്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. നവസര്‍ജന്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ ദലിത് അവകാശസംഘടനകളുടെ കൂട്ടായ്മയായ ദലിത് മാനവ് അധികാര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് ബഹിഷ്‌കരണസമരം തുടങ്ങിയത്.

വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദലിത് സംഘടനകള്‍ സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് നവസര്‍ജന്‍ ട്രസ്റ്റിലെ നാദു പാര്‍മര്‍ പറഞ്ഞു. ദിവസവും ഇരുന്നൂറോളം കന്നുകാലികളുടെ ജഡങ്ങളാണ് ജില്ലാഭരണകൂടത്തിന് സംസ്‌കരിക്കേണ്ടിവരുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved