Latest News :
Home » , » 29 പേരുമായി ഇന്ത്യന്‍ വ്യോമസേന വിമാനം കാണാതായി

29 പേരുമായി ഇന്ത്യന്‍ വ്യോമസേന വിമാനം കാണാതായി

Written By Muhimmath News on Friday, 22 July 2016 | 17:36



ന്യൂഡല്‍ഹി: 29 യാത്രക്കാരുമായി ചെന്നൈയില്‍ നിന്നും ആന്തമാനിലേക്ക് പറന്ന വ്യോമസേന വിമാനം കാണാതായി. ഇന്ന് രാവിലെ എട്ടിന് ചെന്നൈയിലെ താംബരത്ത് നിന്നും പോര്‍ട്ട് ബ്ലയറിലേക്ക് പുറപ്പെട്ട എ.എന്‍32 വിമാനമാണ് കാണാതായത്. 29 വ്യോമസേന ഉദ്യോഗസ്ഥരാണ് വിമാനത്തിലുണ്ടായിരുന്നത്.

രാവിലെ 7.46 ഓടെ പറന്നുയര്‍ന്ന വിമാനവുമായുള്ള സമ്പര്‍ക്കം 15 മിനിറ്റുകള്‍ക്കകം നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. റഡാറില്‍ വിമാനം അവസാനമായി കണ്ടത് 8.12 നാണെന്നും പിന്നീട് വിമാനത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 11 മണിക്ക് പോര്‍ട്ട് ബ്ലയറില്‍ വിമാനം ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു.

കര, നാവിക, തീരസംരക്ഷണ സേനകളിലെ ഓരോ അംഗങ്ങള്‍ വീതം 12 സേനാംഗങ്ങളും എട്ട് സിവിലിയന്‍മാരും ആറ് ജീവനക്കാരുമാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ വിമാനം 23,000 അടി ഉയരത്തിലായിരുന്നുവെന്ന് പറയുന്നു.

വ്യോമസേനയും നാവികസേനയും കോസ്റ്റ് ഗാര്‍ഡും ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും 12 കപ്പലുകളും ഒരു മുങ്ങിക്കപ്പലും ബംഗാള്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുനുണ്ട്. നാവികസേനയുടെ അഞ്ച് നിരീക്ഷണ വിമാനങ്ങളും കര്‍മുഖ്, ഘരിയല്‍, ജ്യോതി, കുത്താര്‍ എന്നീ കപ്പലുകളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ടെന്ന് വ്യോമസേന അറിയിച്ചു.

നാലു മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ള വിമാനത്തില്‍ ആധുനിക സംവിധാനങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved