Latest News :
Home » , , » മലയാളികളുടെ ഐഎസ് ബന്ധത്തിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്രം

മലയാളികളുടെ ഐഎസ് ബന്ധത്തിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്രം

Written By Muhimmath News on Tuesday, 12 July 2016 | 20:11



ന്യൂഡല്‍ഹി: കേരളത്തില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ക്ക് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്‌ടെന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലഭ്യമായ വിവരങ്ങള്‍ കേരളത്തിന് കൈമാറി. കേരളത്തില്‍ നിന്നു മാത്രമല്ല രാജ്യമൊട്ടാകെ യുവാക്കള്‍ രാജ്യം വിടുന്നുണ്‌ടെന്നും അക്കാര്യം ആശങ്കാജനകമാണെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.

കാണാതായവര്‍ക്കുവേണ്ടിയുള്ള അന്വേഷണം വിദേശരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. ഇതിനായി മറ്റു രാജ്യങ്ങളുടെ സഹായം തേടും. സംസ്ഥാനങ്ങളോട് അതീവ ജാഗ്രത പുലര്‍ത്താനും യോഗത്തില്‍ നിര്‍ദേശം നല്‍കി.

ഇന്ത്യന്‍ പൗരന്മാര്‍ ഭീകര സംഘടനകളുടെ പിടിയില്‍ പെടുന്നകാര്യം ഗൗരവകരമാണെന്നും യോഗം വിലയിരുത്തി. നാടുവിട്ട മലയാളികള്‍ അഫ്ഗാനിസ്ഥാനിലും സിറിയയിലും എത്തിയതായി വിവരം കിട്ടിയിരുന്നെങ്കിലും ഐഎസില്‍ ചേര്‍ന്നതിനു വ്യക്തമായ തെളിവുകളൊന്നും കിട്ടിയില്ല. അതിനാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സാധിക്കില്ലെന്നും യോഗം വിലയിരുത്തി.

സംസ്ഥാന ഇന്റലിജന്റ്‌സ് മേധാവി ആര്‍. ശ്രീലേഖയും ഡല്‍ഹിയിലെ ഇന്റലിജന്റ്‌സ് ബ്യൂറോ ആസ്ഥാനത്തു ചേര്‍ന്ന സുരക്ഷാ ഏജന്‍സികളുടെ യോഗത്തില്‍ പങ്കെടുത്തു. കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിനു വ്യക്തമായ സ്ഥിരീകരണമൊന്നുമില്ലെന്നു തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും പ്രതികരിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved