Latest News :
Home » , » മണല്‍കടത്ത് പിടികൂടാനെ ത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമം;20 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

മണല്‍കടത്ത് പിടികൂടാനെ ത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമം;20 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Written By Muhimmath News on Thursday, 21 July 2016 | 10:28

തളങ്കര: മണല്‍കടത്ത് പിടികൂടാന്‍ പോയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സംഘടിച്ചെത്തിയ ഇരുപതംഗ സംഘം തോണിയില്‍ ബലമായി പിടിച്ചുകൊണ്ടുപോയി പുഴയില്‍ തള്ളി മുക്കി കൊലപ്പെടുത്താന്‍ ശ്രമം. ബുധനാഴ്ച രാത്രി തുറമുഖത്തിനു സമീപം തളങ്കര പടിഞ്ഞാറിലാണ് സംഭവം. നീന്തല്‍ അറിയാവുന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ട തീരദേശ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ നീലേശ്വരത്തെ രജ്ഞിത്ത് (33), കാഞ്ഞങ്ങാട്ടെ കെ വി രതീഷ് (37) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി മണല്‍ കടത്ത് സംഘം പുഴക്കടവില്‍ മണലിറക്കുമെന്ന് മണത്തറിഞ്ഞ പോലീസ് സ്ഥലത്തെത്തി തോണിയില്‍ മണല്‍ കടത്തി വരികയായിരുന്ന സംഘത്തെ പിടികൂടിയപ്പോഴാണ് ഇരുവരേയും നാല് തോണികളിലായെത്തിയ സംഘം പോലീസുകാരെ വലിച്ചിഴച്ച് തോണിയില്‍ കയറ്റി പുഴയുടെ മധ്യഭാഗത്തെത്തിച്ച് മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്.

സംഘം പിന്നീട് വന്ന അതേ തോണികളില്‍ രക്ഷപ്പെട്ടു. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറിയടക്കം മണല്‍ കടത്ത് പിടികൂടിയതിലുള്ള പ്രതികാരം തീര്‍ക്കുകയായിരുന്നു മണല്‍ മാഫിയയെന്ന് പോലീസ് പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved