Latest News :
Home » , » മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം എംകെ ദാമോദരന്‍ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം എംകെ ദാമോദരന്‍ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Written By Muhimmath News on Tuesday, 19 July 2016 | 12:01

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപ ദേഷ്ടാവ് എന്ന നിലയില്‍ വന്‍ വിവാദങ്ങളില്‍പ്പെട്ട എംകെ ദാമോദരന്‍ സ്ഥാനം എറ്റെടുക്കില്ല. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന സ്ഥാനം ഏറ്റെടുക്കില്ലെന്ന് എംകെ ദാമോദരന്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമന ഉത്തരവ് ഇതു വരെ എംകെ ദാമോദരന്‍ നിയമന ഉത്തരവ് കൈപറ്റിയിരുന്നില്ല. പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

വിവാദങ്ങള്‍ കനക്കുന്നതാണ് നിയമോപദേഷ്ടാവ് എന്ന പദവി ഒഴിയാന്‍ കാരണമെന്ന് സൂചന. എംകെ ദാമോദരനെ മാറ്റുന്നതാണ് സര്‍ക്കാരിന്റെ പ്രതിച്ഛായ നിലനിര്‍ത്താനുളള ഏക പോംവഴിയെന്ന അഭിപ്രായം മുന്നണിക്കുളളില്‍ തന്നെ ശക്തമായിട്ടുണ്ട്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ പരസ്യനിലപാടുമായി മുന്നോട്ടു വന്നതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. സിപിഐയുടെ ദാമോദരനെതിരെ പരസ്യമായ നിലാപാട് എടുത്തതും ദാമോദരനെ ചൊടിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എംകെ ദാമോദരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമ്മര്‍പ്പിച്ചിരുന്നു. ഈ വിഷയം കോടതിയുടെ മുന്നിലേക്ക് നീളുന്നതും സര്‍ക്കാരിനെ ദോഷകരമായി ബാധിക്കുമെന്നതും സര്‍ക്കാരിനെ വെട്ടിലാക്കുന്നുണ്ട്. എംകെ ദാമോദരനെ ഇനിയും സംരക്ഷിക്കുന്നത് മുന്നണിക്ക് അപകടമാണെന്ന നിലപാടിലാണ് സിപിഐ. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എംകെ ദാമോദരന്‍ ഹാജരായ നടപടി മുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയെന്നും സിപിഐ നേതൃത്വം വിലയിരുത്തിയിരുന്നു.ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ ഹാജരായതിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് എതിര്‍പ്പുമായി സിപിഐ രംഗത്ത് എത്തിയത്. ഏതെങ്കിലും കേസ് എടുക്കുന്നതിന് എം കെ ദാമോദരന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും എന്തെങ്കിലും പ്രതിഫലം പറ്റിയിട്ടല്ല എം കെ ദാമോദരന്‍ ഉപദേശക സ്ഥാനത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

പ്രതിഫലമില്ലാത്ത ഈ പദവി മറ്റു കേസുകളിലും ഹാജരാകുന്നതിന് തടസമാകില്ലെന്ന് ഉറപ്പുളളതിനാലാണ് അദ്ദേഹം ഏറ്റെടുത്തതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപാദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്‍ഫൊഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഹാജരായത്. സാന്റിയാഗോ മാര്‍ട്ടിനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ലോട്ടറി നികുതി വെട്ടിപ്പുമായി നിരവധി കേസുകള്‍ നിലനില്‍ക്കെയാണ് എം കെ ദാമോദരന്‍ മാര്‍ട്ടിന് അനുകൂലമായി കോടതിയില്‍ വാദിച്ചത്.

അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടി തടയണമെന്നായിരുന്നു മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി. മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്‌കോടതി നിലപാടിനുമെതിരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹര്‍ജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹാജരായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved