Latest News :
Home » » കണ്ണീരും പ്രാര്‍ഥനയുമായി റമസാനിലെ അവസാന വെള്ളിയാഴ്ച

കണ്ണീരും പ്രാര്‍ഥനയുമായി റമസാനിലെ അവസാന വെള്ളിയാഴ്ച

Written By Muhimmath News on Friday, 1 July 2016 | 23:09



കാസര്‍കോട്: ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളുമായി കടന്നുവന്ന വിശുദ്ധ റമസാനിന് വെള്ളിയാഴ്ച ഖുതുബയില്‍ ഖത്തീബുമാര്‍ കണ്ഠമിടറി സലാം പറഞ്ഞപ്പോള്‍ വിശ്വാസികളുടെ ഹൃദയം വിതുമ്പി. നിറകണ്ണുകളോടെയാണ് ഖുതുബയിലും നിസ്‌കാര ശേഷമുള്ള തൗബാ മജ്‌ലിസിലും അവര്‍ പങ്കെടുത്തത്.

റമസാന്‍ കനിഞ്ഞേകിയ അനുഗ്രഹ നിമിഷങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ഇന്നത്തെ ജുമുഅ ഖുതുബയും നിസ്‌കാര ശേഷമുള്ള ഉത്‌ബോധനങ്ങളും. ഈ അനുഗ്രഹ ദിനങ്ങള്‍ ഇനി മണിക്കൂറുകള്‍ മാത്രമാണെന്ന ചിന്ത വിശ്വാസിയുടെ ഉള്ളമുണര്‍ത്തി. അടുത്ത റമസാന്‍ വരെ എത്രപേര്‍ ജീവിച്ചിരിക്കുമെന്ന ചോദ്യം അവര്‍ക്ക് ആത്മവിചാരത്തിന് അവസരമേകി. കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ നടന്ന ഖുതുബക്കും ഉത്‌ബോധനത്തിനും എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നേതൃത്വം നല്‍കി.

റമസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് ജുമുഅ നിസ്‌കാരത്തിന് ശേഷം ഉദ്‌ബോധന പ്രസംഗങ്ങളും പ്രാര്‍ഥനയും നടന്നതിനാല്‍ നേരെത്തെ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തിയിരുന്നു.

മരണപ്പെട്ട കുടുംബാംഗങ്ങളുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ച് വിശ്വാസി സമൂഹം പ്രാര്‍ഥന നടത്തി. പ്രാര്‍ഥനാ സംഗമങ്ങള്‍, പ്രഭാഷണം, സകാത്ത് വിതരണം, അന്നദാനം, സമൂഹ നോമ്പുതുറ, സ്വലാത്ത് മജ്‌ലിസ്, ഖത്തം ദുആ എന്നിവയും നടന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved