Latest News :
Home » , » പ്രശസ്ത എഴുത്തുകാരി മഹാശ്വേതാ ദേവി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി മഹാശ്വേതാ ദേവി അന്തരിച്ചു

Written By Muhimmath News on Thursday, 28 July 2016 | 17:19



കൊല്‍ക്കത്ത: സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുവൃക്കകളും തകരാറിലായ ചികിത്സയില്‍ കഴിഞ്ഞിരുന്ന അവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലേക്കു മാറിയതായി ബെല്ലെ വ്യു ക്ലിനിക് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ബെല്ലെ വ്യു ക്ലിനിക് ആശുപത്രിയിലാണ് രണ്ടു മാസത്തോളമായി മഹാശ്വേതാ ദേവി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ദിവസങ്ങളായി ഇവര്‍ വെന്റിലേറ്ററിലായിരുന്നു. രക്തത്തിലെ അണുബാധ ക്രമാതീതമായി വര്‍ധിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയത്.

ജ്ഞാനപീഠം, പത്മശ്രീ, പത്മവിഭൂഷണ്‍, മാഗ്‌സസെ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ബംഗാബിഭൂഷണ്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള മഹാശ്വേതാ ദേവി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1956 ല്‍ പുറത്തുവന്ന 'ഝാന്‍സി റാണി'യാണ് മഹാശ്വേതയുടെ ആദ്യ കൃതി. ഹജാര്‍ ചുരാഷിര്‍ മാ (1975), ആരണ്യേര്‍ അധികാര്‍ (1977), അഗ്നി ഗര്‍ഭ (1978), ഛോട്ടി മുണ്ട ഏവം ഥാര്‍ ഥീര്‍ (1980), ബഷി ടുഡു (1993), തിത്തു മിര്‍, ദ്രൗപതി, രുധാലി (1995) എന്നിവയാണ് പ്രധാന കൃതികള്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved