Latest News :
Home » , , » ഭീകരതക്ക് മതമില്ല, മലയാളികളെ കാണാതായ സംഭവത്തില്‍ മുസ് ലിം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമം: മുഖ്യമന്ത്രി

ഭീകരതക്ക് മതമില്ല, മലയാളികളെ കാണാതായ സംഭവത്തില്‍ മുസ് ലിം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമം: മുഖ്യമന്ത്രി

Written By Muhimmath News on Monday, 11 July 2016 | 17:18



തിരുവനന്തപുരം: മലയാളികളെ കാണാതായ സംഭവത്തില്‍ മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മുസ് ലിങ്ങളെയാകെ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. സ്ഥാപിത താല്‍പര്യക്കാര്‍ സാഹചര്യം മുതലാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇത് അനുവദിക്കില്ല. ഭീകരവാദത്തിന് മതമില്ലെന്നും പിണറായി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്.

സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാനത്ത് നിന്ന് ഇത്തരത്തില്‍ 21 പേരെയാണ് കാണാതായിട്ടുള്ളത്. 17 പേരെ കാസര്‍കോട് നിന്നും 4 പേരെ പാലക്കാട്ട് നിന്നുമാണ് കാണാതായതെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാനത്ത് നിന്നും കാണാതായവര്‍ ഐ.എസ് ക്യാമ്പിലെത്തിയതായി സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാണാതായ കാസര്‍കോട് സ്വദേശി ഫിറോസ് ഖാന്‍ മുംബൈയില്‍ പിടിയിലായതായി വിവരം ലഭിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാണാതായ മലയാളികളെല്ലാം ഐ.എസില്‍ ചേര്‍ന്നെന്ന വാര്‍ത്ത വിശ്വസനീയമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പരിഹരിക്കും വിധം മുഖ്യമന്ത്രി ഇടപെടണം. സംസ്ഥാന സര്‍ക്കാരിന് പുറത്തുപറയാവുന്ന കാര്യങ്ങള്‍ സഭയേയും ജനങ്ങളേയും അറിയിക്കണമെന്നും ആശയക്കുഴപ്പം പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved