Latest News :
Home » , , » പാലക്കാട് നിന്ന് കാണാതായവര്‍ക്ക് സാക്കിര്‍ നായിക്കുമായി അടുത്ത ബന്ധം

പാലക്കാട് നിന്ന് കാണാതായവര്‍ക്ക് സാക്കിര്‍ നായിക്കുമായി അടുത്ത ബന്ധം

Written By Muhimmath News on Sunday, 10 July 2016 | 19:01

പാലക്കാട്: പാലക്കാട് നിന്ന് കാണാതായവര്‍ക്ക് സാക്കിര്‍ നായിക്കുമായി അടുത്ത ബന്ധമുണ്ടെന്ന് കുടുംബം. ഈസയും സഹോദരന്‍ യഹ്‌യയും സാക്കിര്‍ നായിക്കുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്ന് പിതാവ് വിന്‍സന്റ് പറഞ്ഞു. പഠനക്കാലത്ത് തന്നെ ഈസക്കും യഹ്‌യക്കും സാക്കിറുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നതെന്നും പിതാവ് പറഞ്ഞു.

ബാംഗ്ലൂരില്‍ പഠിച്ചുകൊണ്ടിരുന്ന ഇളയ മകന്‍ യഹ് യ ആണ് ആദ്യം ഇസ്ലാം മതം സ്വീകരിച്ചത്. പിന്നീട് ഈസയേയും മതപരിവര്‍ത്തനം നടത്തിക്കുകയായിരുന്നു. ഇവര്‍ പലപ്പോഴും മുംബൈ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഭാര്യമാരേയും ഇവര്‍ മുംബൈയിലേക്ക് കൊണ്ടുപോയിരുന്നുവെന്നും വിന്‍സന്റ് പറഞ്ഞു. ഈസയുടെ ഭാര്യ നിമിഷയെ 2013ല്‍ ആണ് മതം മാറ്റിയത്.

ഈസയും യഹ്‌യയും മതം മാറ്റാനായി സഹോദരി ഭര്‍ത്താവിനേയും മുംബൈയില്‍ കൊണ്ടുപോയിരുന്നു. പക്ഷെ അയാള്‍ വിസമ്മതിക്കുകയായിരുന്നു. പ്രാര്‍ഥനക്കിടെ മൂന്നുതവണ തന്റെ കണ്ണില്‍ നോക്കാന്‍ സാക്കിര്‍ നായിക്ക് ആവശ്യപ്പെട്ടു. എന്നാല്‍ മരുമകന്‍ ഇതിന് വഴങ്ങിയില്ല. എന്താണ് കണ്ണില്‍ നോക്കാത്തതെന്ന് ചോദിച്ചപ്പോള്‍ 'എനിക്ക് യാളുടെ കണ്ണില്‍ നോക്കണ്ട' എന്ന് മറുപടി പറഞ്ഞു. ഇങ്ങനെ മൂന്നു തവണ കണ്ണില്‍ നോക്കിയാല്‍ മുസ്ലിം ആകുമെന്നും പഴയ കാര്യങ്ങള്‍ മറക്കുമെന്നും യഹ്‌യയും ഈസയും പറഞ്ഞതായി വിന്‍സന്റ് പറഞ്ഞു.

അവസാനമായി വീട്ടില്‍ നിന്ന് പോകുമ്പോള്‍ നീട്ടിവളര്‍ത്തിയ താടി മുറിച്ച് അവര്‍ രൂപമാറ്റം വരുത്തിയിരുന്നു. മെയ് 14,15 തിയതികളിലാണ് പോയത്. ശ്രീലങ്കയില്‍ ബിസിനസ് ചെയ്യാന്‍ പോകുന്നുവെന്നും ആര് ചോദിച്ചാലും വിദേശത്ത് ബിസിനസ് ആവശ്യത്തിനായി പോയെന്ന് പറയണമെന്നും നിര്‍ദേശിച്ചു. ഈസയും യഹ്‌യയും ഭാര്യമാരും തുടരെ യാത്രചെയ്തിരുന്നു. എന്നാല്‍ യാത്രയുടെ ഉദ്ദേശം വ്യക്തമല്ലെന്നും വിന്‍സന്റ് പറഞ്ഞു.

അതേസമയം കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ യുവാക്കളെ കാണാതായ സംഭവത്തില്‍ ആറ് പേര്‍ കൂടി ഇന്ന് പരാതി നല്‍കി. ഇതോടെ പരാതി നല്‍കിയവരുടെ എണ്ണം എട്ടായി. കാണാതായവരെ സംബന്ധിച്ച് വിവരം ശേഖരിച്ച പൊലീസ് ഇന്റലിജന്‍സ് വിഭാഗമാണ് ബന്ധുക്കളോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് കാണാതായവരുടെ ബന്ധുക്കള്‍ ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കാണാതായ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നേരിട്ട് പരാതി നല്‍കിയിരുന്നു.

കേരളത്തില്‍ നിന്ന് 19 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ച സന്ദേശങ്ങള്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. നേരത്തെ 16 പെരെ കാണാതായെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. കാണാതായവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും റോ വ്യക്തമാക്കി. കാസര്‍ഗോഡ് നിന്നും 15 പേരെയും പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് നാലുപേരെയുമാണ് കാണാതായിരിക്കുന്നത്. കാണാതായവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്ത് വിടരുതെന്ന് പൊലീസ് ബന്ധുക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved