Latest News :
Home » , , » കാണാതായ ഡോ.ഇജാസിന്റെ ഭാര്യ ഫോണില്‍ വീട്ടുകാരെ ബന്ധപ്പെട്ടു

കാണാതായ ഡോ.ഇജാസിന്റെ ഭാര്യ ഫോണില്‍ വീട്ടുകാരെ ബന്ധപ്പെട്ടു

Written By Muhimmath News on Tuesday, 12 July 2016 | 17:49

തൃക്കരിപ്പൂര്‍: ദുരൂഹ സാഹചര്യത്തില്‍ കാണാതായ പടന്നയിലെ ഡോക്ടര്‍ ഇജാസിന്റെ ഭാര്യ ഫോണില്‍ വീട്ടുകാരെ ബന്ധപ്പെട്ടു. ഇജാസിന്റെ ഭാര്യ റിഫൈലയാണ് കഴിഞ്ഞദിവസം ഇന്റര്‍നെറ്റ് ഫോണ്‍ മുഖാന്തിരം വീട്ടുകാരെ വിളിച്ചത്. പിതാവാണ് ഫോണെടുത്തത്. താന്‍ തീവ്രവാദിയായി പോയതല്ലെന്നും ജോലി തേടിയാണ് രാജ്യം വിട്ടതെന്നും റിഫൈല വ്യക്തമാക്കി.

ജോലി ശരിയായിട്ടുണ്ടെന്നും താമസ സൗകര്യങ്ങള്‍ അന്വേഷിക്കുകയാണെന്നുമാണ് റിഫൈല ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ എവിടെയാണെന്നോ എവിടെ നിന്നാണ് വിളിക്കുന്നതെന്നോ റിഫൈല വ്യക്തമാക്കിയില്ല.

ശ്രീലങ്കയില്‍ ജോലിക്ക് പോകുന്നു എന്നാണ് ഇജാസും റിഫൈലയും വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. ചൈനയില്‍ നിന്ന് എം.ബി.ബി.എസ് പാസായിട്ടുണ്ട് ഇജാസ്. ഇജാസിനും റിഫൈലയ്ക്കുമൊപ്പം രണ്ടു വയസ്സുള്ള കുഞ്ഞമുണ്ട്. റിഫൈലയുടെ സന്ദേശം പൊലീസിന് കൈമാറിയതായി റിഫൈലയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇജാസിന്റെ അനുജന്‍ എന്‍ജിനീയറിംഗ് ബിരുദധാരി ഷിഹാസ്, ഷിഹാസിന്റെ ഭാര്യ അജ്മല എന്നിവരേയും കാണാതായിട്ടുണ്ട്.

റിഫൈല ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിളിച്ചതായതിനാല്‍ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. കേരളത്തില്‍ നിന്ന് ആകെ 21 പേരെയാണ് ഇതിനകം കാണാതായിരിക്കുന്നത്. കാസര്‍കോട് നിന്ന് 17 പേരും പാലക്കാട് നിന്ന് നാലുപേരുമാണ് കാണാതായത്. ഇവര്‍ ഐഎസ് ക്യാമ്പില്‍ എത്തിയിട്ടുണ്ടോയെന്നകാര്യം അന്വേഷണ ഏജന്‍സികള്‍ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved