Latest News :
Home » , » വ്യാപാരിയെ കൊന്ന് ഖബറിടത്തില്‍ കുഴിച്ചു മൂടിയയാള്‍ അറസ്റ്റില്‍

വ്യാപാരിയെ കൊന്ന് ഖബറിടത്തില്‍ കുഴിച്ചു മൂടിയയാള്‍ അറസ്റ്റില്‍

Written By Muhimmath News on Sunday, 17 July 2016 | 15:34

കണ്ണൂര്‍: മാഹി പെരിങ്ങാടിയില്‍ വ്യാപാരിയെ കൊന്നു ഖബറിടത്തില്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൂത്തുപറമ്പ് കോട്ടയം കൂവപ്പാടി മാപ്പിളാര്‍കണ്ടി പള്ളിയത്ത് ഹൗസില്‍ യൂസഫ്(55) ആണ് പിടിയിലായത്. പുതിയപുരയില്‍ സിദ്ദീഖിനെ(70) കൊലപ്പെടുത്തി പെരിങ്ങാടി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ കുഴിച്ചിട്ട കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

സിദ്ദീഖിനെ കാണാതായെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പെരിങ്ങാടി പള്ളിക്ക് മുന്‍പിലെ കടയിലെ സിസിടിവിയില്‍ സിദ്ദീഖ് പള്ളിയിലേക്കു കയറുന്ന ദൃശ്യങ്ങളുണ്ടെങ്കിലും പുറത്തിറങ്ങുന്ന ദൃശ്യമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഖബറുകള്‍ കുഴിക്കുന്ന പ്രദേശത്ത് പരിശോധന നടത്തിയത്. പൊലീസ് നടത്തിയ വിശദ പരിശോധനയില്‍ പഴയ ഖബറിടത്തിലെ മാളത്തില്‍ തിരുകിക്കയറ്റിയ സ്ഥിതിയിലായിരുന്നു സിദ്ദീഖിന്റെ മൃതദേഹം.

സിദ്ദീഖിന്റെ അകന്ന ബന്ധുവാണ് പിടിയിലായ യൂസഫ്. ഖബര്‍ കുഴിക്കുന്ന ജോലിക്കാരനായ യൂസഫ് സിദ്ദീഖിനു പണം കൊണ്ടു നടക്കുന്ന ശീലമുണ്ടെന്ന് അറിഞ്ഞ് അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. പണം നല്‍കാനുണ്ടായിരുന്ന ആള്‍ക്ക് സിദ്ദീഖിനെ കാണാതായ അന്ന് യൂസഫ് പണം നല്‍കിയിട്ടുണ്ടെന്ന അറിവാണ് അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.

പള്ളിയിലേക്ക് സിദ്ദീഖ് കയറുന്നത് കണ്ട യൂസഫ് സിസിടിവി ക്യാമറയില്‍ പെടാതിരിക്കാന്‍ പള്ളിയുടെ പുറകുവശത്തുകൂടെ എത്തി ഇയാളെ ആക്രമിക്കുകയായിരുന്നു. സിദ്ദീഖിന്റെ കൈവശമുണ്ടായിരുന്ന 30000ത്തിലേറെ രൂപ അപഹരിച്ച ശേഷം മൃതദേഹം പഴയ ഖബറിടത്തില്‍ കുഴിച്ചിടുകയായിരുന്നു. കൊലപാതകം നടത്തിയ പെരിങ്ങാടി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ പ്രതിയെ എത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved