Latest News :
Home » , » നായന്മാര്‍മൂലയില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

നായന്മാര്‍മൂലയില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 29 July 2016 | 19:08


വിദ്യാനഗര്‍: നായന്മാര്‍മൂലയിലെ ഗള്‍ഫുകാരന്‍ അബ്ദുല്‍ റസാഖിന്റെ വീടിന്റെ വാതില്‍പൂട്ട് പൊളിച്ച് സ്വര്‍ണാഭരണവും പണവും ടാബും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊയിലാണ്ടി ഇരിങ്ങല്‍ കോട്ടക്കല്‍ താരമ്മല്‍ ഖദീജ മന്‍സിലിലെ കെ.എം ഫിറോസ്(32), കുറ്റിയാടി ഊരണം കുഞ്ഞിപ്പറമ്പിലെ അല്‍ത്താഫ്(33) എന്നിവരാണ് അറസ്റ്റിലായത്. ബെണ്ടിച്ചാലിലും പൊയിനാച്ചിയിലും നടന്ന കവര്‍ച്ചക്ക് പിന്നിലും ഇതേ സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ആറു പേരാണ് കവര്‍ച്ചാ സംഘത്തിലുള്ളതെന്ന് പൊലീസ് പറയുന്നു. ഇതില്‍ രണ്ട് പേര്‍ മറ്റൊരു കേസില്‍ തിരൂരങ്ങാടി പൊലീസിന്റെ പിടിയിലാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങും. സംഘത്തിലെ മറ്റു രണ്ട് പേരെ പൊലീസ് അന്വേഷിച്ച് വരികയാണ്. ഈ മാസം 17ന് രാത്രിയാണ് റസാഖിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. മൂന്ന് പവന്‍ സ്വര്‍ണാഭരണവും 4000 രൂപയും 8000 രൂപ വില വരുന്ന ടാബുമാണ് മോഷണം പോയത്. ഇതേ ദിവസമാണ് പൊയിനാച്ചി സെന്റ് മേരീസ് പള്ളിയിലും കവര്‍ച്ച നടന്നത്. അരഗ്രാം പൊന്‍ കുരിശായിരുന്നു ഇവിടെ നിന്ന് മോഷണം പോയത്. തൊട്ടടുത്ത ദിവസങ്ങളില്‍ ബെണ്ടിച്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ നിന്ന് 8000 രൂപ വില വരുന്ന വാച്ചും 5000 രൂപയും മോഷണം പോയിരുന്നു. ബെണ്ടിച്ചാലിലെ തന്നെ ഡോ. സൈദ് മുഹമ്മദിന്റെ വീട്ടില്‍ മുന്‍ ഭാഗത്തെ വാതില്‍ പൊളിച്ച് കവര്‍ച്ചാ ശ്രമം നടന്നു. നാല് സംഭവങ്ങള്‍ക്കും പിന്നില്‍ ഇതേ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേ കുറിച്ച് ചോദ്യം ചെയ്യുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. ഷിജു, ഇജാസ് എന്നിവരെയാണ് മറ്റൊരു കേസില്‍ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇജാസ് കാസര്‍കോട് സ്വദേശിയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുകയാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved