Latest News :
Home » , » വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന ആരോപണം: അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന ആരോപണം: അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

Written By Muhimmath News on Friday, 15 July 2016 | 09:56

ലക്‌നൗ: ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന ആരോപണത്തിലാണ് പൊലീസിനോട് അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.


വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് പ്രദേശവാസികള്‍ നല്‍കിയ പരീതിയിലാണ് കോടതി ഉത്തരവ്. അഖ്‌ലാക്കിന്റെ കൊലപാതകത്തില്‍ പങ്കുള്ളവര്‍ ഉള്‍പെടെയാണ് ഹര്‍ജി സമര്‍പിച്ചത്. അഖ്‌ലാക്കിന്റെ കുടുംബം പശുകുട്ടിയുടെ മാംസം സൂക്ഷിച്ചുവെന്നും സഹോദരന്‍ ജാന്‍ മുഹമ്മദാണ് പശുക്കുട്ടിയെ കശാപ്പ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28നാണ് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്ക് എന്ന 51 കാരനെ രാത്രിയില്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ ജനക്കൂട്ടം അടിച്ചുകൊന്നത്. വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന തരത്തില്‍ സമീപത്തെ ക്ഷേത്രത്തില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റിന് പിന്നാലെയാണ് കൊലപാതകം. അഖിലാക്കിനെ വീട്ടില്‍ നിന്നും വലിച്ചിറക്കിയ ശേഷം ഇഷ്ടികകളും മറ്റും ഉപയോഗിച്ച് ഇടിച്ച് കൊല്ലുകയായിരുന്നു. മകന്‍ ദാനിഷിനെ നൂറോളം പേര്‍ വരുന്ന സംഘം മര്‍ദ്ദിക്കുകയും വീട്ടുകാരെ അപമാനിക്കുകയും ചെയ്തിരുന്നു.

അഖ്‌ലാക്കിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും ലഭിച്ച മാംസം ആട്ടിറച്ചിയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ മെയില്‍ മഥുര ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടാണ് ഇതില്‍ ആശയക്കുഴപ്പമുണ്ടാക്കിയത്. അഖ്‌ലാക്കിന്റെ വീടിന് സമീപമുള്ള ജംഗ്ഷനില്‍ നിന്നും ലഭിച്ച മൃഗാവശിഷ്ടം പശുവിന്റേതാണെന്ന് കാണിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇത് ബിജെപി നേതാക്കള്‍ വളച്ചൊടിക്കുകയും അഖിലാക്കിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസം പശുവിന്റേതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടത്തുകയുമായിരുന്നു. 

മഥുര റിപ്പോര്‍ട്ടിന് പിന്നാലെ അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുക്കണമെന്നും കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് സംഗീത് സോമിന്റെ നേതൃത്വത്തില്‍ ദാദ്രിയിലെ ബിസാറയില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved