Latest News :
Home » » കള്ളകഥ മെനഞ്ഞ് വര്‍ഗ്ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാന്റില്‍

കള്ളകഥ മെനഞ്ഞ് വര്‍ഗ്ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാന്റില്‍

Written By Muhimmath News on Friday, 8 July 2016 | 11:19

കാസര്‍കോട് : കള്ളകഥ മെനഞ്ഞ് വര്‍ഗ്ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. ചെട്ടുംകുഴി ഹിദായത്ത് നഗറിലെ ബി എ അസ്ഹറുദ്ദിനെ(24)യാണ് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്.

ഈ മാസം ഒന്നിന് ഉച്ചയ്ക്ക് ശേഷം കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ ആനബാഗിലു റോഡില്‍ വെച്ച് ഓമ്‌നി വാനിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു അസ്ഹറുദ്ദീന്റെ വ്യാജ പരാതി. സുഹൃത്തുമായി ഗൂഢാലോചന നടത്തി ശരീരത്തില്‍ സ്വയം മുറിവുകളുണ്ടാക്കി ഒരു സംഘം അക്രമം നടത്തിയെന്ന് വരുത്തിത്തീര്‍ത്ത് നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാനായിരുന്നു പ്രതി ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പോലീസിന്റെ അന്വേഷണത്തില്‍ വെട്ടേറ്റുവെന്ന പറയുന്ന സംഭവം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാകുകയും അസ്ഹറുദ്ദീനെതിരെ വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിനും പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതിനും കേസെടുക്കുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസ്ഹറുദ്ദിനെ സി ഐ എം പി ആസാദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡി വൈ എസ് പി മുരളീധരന്‍, സി ഐ എം പി ആസാദ്, എസ് ഐ രജ്ഞിത്ത് രവീന്ദ്രന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. യുവാവിന്റെ വ്യാജ പരാതിയില്‍ നേരത്തെ വധശ്രമത്തിന് കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച് കോടതിക്ക് പോലീസ് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved