Latest News :
Home » , » ഖാസി കേസ്: മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് സമരം നിര്‍ത്തിവെച്ചു

ഖാസി കേസ്: മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് സമരം നിര്‍ത്തിവെച്ചു

Written By Muhimmath News on Sunday, 3 July 2016 | 14:20


കാസര്‍കോട്: ഖാസി സി എം അബ്ദുല്ലമൗലവിയുടെ മരണത്തില്‍ സി ബി ഐയും പ്രത്യേക സംഘം ഇപ്പോള്‍ നടത്തുന്ന അന്വേഷണം കാര്യക്ഷമമാക്കണമെന്നും അന്വേഷണം അട്ടിമറിക്കാന്‍ ലോക്കല്‍ പോലീസ് നടത്തിയ ശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട്ട് ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തിവരികയായിരുന്ന സമര പരിപാടികള്‍ മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം തല്‍ക്കാലം പിന്‍വലിക്കാന്‍ ധാരണയായത്. ഞായറാഴ്ച സമരം 65 ാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തിലാണ് ആക്ഷന്‍കമ്മിറ്റിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഒപ്പുമരച്ചുവട്ടില്‍ പ്രത്യേകം പന്തല്‍ കെട്ടിയാണ് രണ്ടുമാസത്തിലധികമായി ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബാംഗങ്ങളും സമരത്തിലേര്‍പ്പെട്ടുവന്നത്. സമരം തല്‍ക്കാലം നിര്‍ത്തിവെച്ചുവെങ്കിലും ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബവും വ്യക്തമാക്കി.



എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ്, വൈസ് ചെയര്‍മാന്‍മാരായ സിദ്ദീഖ് നദ് വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, കണ്‍വീനര്‍ ഇ അബ്ദുല്ലക്കുഞ്ഞി, കുടുംബാംഗങ്ങളായ ഖാസിയുടെ മകന്‍ സി എം മുഹമ്മദ് ഷാഫി, മരുമകന്‍ യു എം അഹമ്മദ് ഷാഫി, പൊതുപ്രവര്‍ത്തകനായ ഹംസ മേല്‍പ്പറമ്പ്, രാഷ്ട്രീയപ്രതിനിധികളെ പ്രതിനിധീകരിച്ച് മൊയ്തീന്‍ കുഞ്ഞി കളനാട്, വി കെ രാജന്‍, കുഞ്ഞബ്ദുല്ല കോളിയടുക്കം എന്നിവരാണ് റവന്യൂമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved