Latest News :
Home » » ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന്‍ വന്നു; പാലത്തില്‍ നിന്ന് വീണ റെയില്‍വേ ജീവനക്കാരനെ കാണാതായി

ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന്‍ വന്നു; പാലത്തില്‍ നിന്ന് വീണ റെയില്‍വേ ജീവനക്കാരനെ കാണാതായി

Written By Muhimmath News on Saturday, 2 July 2016 | 18:29


ആലപ്പുഴ: അരൂര്‍ കുമ്പളം പാലത്തില്‍ നിന്ന് കായലില്‍ വീണ റെയില്‍വേ ജീവനക്കാരനെ കാണാതായി. ചേര്‍ത്തല വാരനാട് സ്വദേശിയും റെയില്‍വേ എഞ്ചിനിയര്‍ വിഭാഗം ജീവനക്കാരനുമായ കെ.എസ് വിവേകിനെയാണ് കാണാതായത്. അര്‍ധരാത്രി 12.30 ഓടെ അരൂര്‍-കുമ്പളം റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നാണ് യുവാവ് കായിലില്‍ വീണത്.

രാത്രി വിവേകും നോര്‍ത്ത് പറവൂര്‍ സ്വദേശി അജേഷും റെയില്‍വേ പാലത്തില്‍ ട്രാക്ക് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് ട്രോളി പാര്‍ക്കിംഗ് ഭാഗത്തേക്ക് രണ്ടുപേരും ഓടിയെങ്കിലും അജേഷിന് മാത്രമെ അവിടെ എത്താന്‍ സാധിച്ചുള്ളു. നിമിഷനേരം കൊണ്ട് ട്രെയിന്‍ അടുത്തെത്തുകയും ചെയ്തു. ഇതിനിടെ പാളത്തിന്റെ വശങ്ങളിലുള്ള സ്ലൈഡറിലൂടെ ഓടുന്നതിനിടെ വിവേക് കാല്‍ വഴുതി കായലില്‍ വീഴുകയായിരുന്നു.

മുങ്ങല്‍ വിദഗ്ധര്‍ കായലില്‍ തിരച്ചിലില്‍ ആരംഭിച്ചിട്ടുണ്ട്. ഹാര്‍ബര്‍ എസ്.ഐ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മുന്നറിയിപ്പില്ലാതെ മെമു ട്രെയിന്‍ വന്നതാണ് അപകട കാരണമെന്ന് വിവേകിനൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെ ജീവനക്കാരന്‍ അജേഷ് പറഞ്ഞു. 2015 നവംബറിലാണ് വിവേക് ജോലിയില്‍ പ്രവേശിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved