Latest News :
Home » , » തൃശൂരില്‍ തമിഴ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

തൃശൂരില്‍ തമിഴ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

Written By Muhimmath News on Sunday, 3 July 2016 | 15:16

തൃശൂര്‍: എരുമപ്പെട്ടിയില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ലഭിച്ച പരാതിയെ തുടര്‍ന്ന് എരുമപ്പെട്ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണവിധേയമായി ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ വനംവകുപ്പ് മന്ത്രി ഉത്തരവിട്ടത്.

വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള തയ്യൂര്‍ അക്കേഷ്യ പ്ലാന്റിലെ തൊഴിലാളിയായ തമിഴ് യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലെത്തിയ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാര്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് വലിച്ചിഴക്കാന്‍ ശ്രമിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് ബന്ധുക്കള്‍ പറഞ്ഞു. തടയാനെത്തിയ പെണ്‍കുട്ടിയുടെ അമ്മാവനെ ആക്രമിച്ചതായും പരാതിയുണ്ട്.

15 ദിവസം മുമ്പാണ് സേലത്ത് നിന്നും പെണ്‍കുട്ടിയും കുടുംബവും ജോലിക്കായി തയ്യൂരിലെത്തിയത്. പീഡനവിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved