Latest News :
Home » , » തെരഞ്ഞെടുപ്പിലെ തോല്‍വി; ആര്‍എസ്പിയില്‍ അഭിപ്രായഭിന്നത രൂക്ഷം

തെരഞ്ഞെടുപ്പിലെ തോല്‍വി; ആര്‍എസ്പിയില്‍ അഭിപ്രായഭിന്നത രൂക്ഷം

Written By Muhimmath News on Sunday, 3 July 2016 | 20:13



തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് ആര്‍എസ്പിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ആര്‍എസ്പി ഇടതുമുന്നണി വിട്ടതില്‍ പശ്ചാത്തപിച്ച് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ രംഗത്തെത്തിയപ്പോള്‍ മുന്നണിമാറ്റം തെറ്റായ തീരുമാനമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി എ.എ.അസീസും രംഗത്തെത്തി. ആര്‍എസ്പി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തിലായിരുന്നു ഇരുവരുടെയും പരസ്യപ്രതികരണം. ഇടതുമുന്നണി വിട്ടതില്‍ പശ്ചാത്തപിച്ച ചന്ദ്രചൂഡന്‍ മുന്നണിമാറ്റം വേഗത്തിലായിപ്പോയെന്നും അഭിപ്രായപ്പെട്ടു. ഇടതുമുന്നണിയില്‍നിന്ന് ഇത്രവേഗം മാറേണ്ടിയിരുന്നില്ല. മുന്നണി മാറ്റം തടയാനാകാത്തതില്‍ ദുഃഖമുണ്‌ടെന്നും യുഡിഎഫില്‍ എത്രകാലം തുടരാനാകുമെന്നറിയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിലെ ആര്‍എസ്പിയുടെ തോല്‍വി ദയനീയമാണെന്നു പറഞ്ഞ അദ്ദേഹം, പക്ഷേ പെട്ടെന്നു മുന്നണി വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും പറ്റിയ തെറ്റുകള്‍ പാര്‍ട്ടിക്ക് തിരുത്തേണ്ടതുണ്‌ടെന്നും കൂട്ടിച്ചേര്‍ത്തു.

ഇടത് ഭരണത്തെ ചന്ദ്രചൂഡന്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഭരണം നല്ലരീതിയിലാണ് പോകുന്നത്. ഇടതുമുന്നണി പറയുന്ന കാര്യം പ്രാവര്‍ത്തികമാക്കുന്നതായും ചന്ദ്രചൂഡന്‍ പറഞ്ഞു.

എന്നാല്‍ ചന്ദ്രചൂഡനെ സംസ്ഥാന സെക്രട്ടറി അപ്പോള്‍ തന്നെ തിരുത്തി. സമ്മേളനത്തില്‍ ചന്ദ്രചൂഡന് പിന്നാലെ സംസാരിച്ച അസീസ് മുന്നണിമാറ്റം തെറ്റായ തീരുമാനമായിരുന്നില്ലെന്നും അത് കൂട്ടായെടുത്ത തീരുമാനമായിരുന്നുവെന്നും പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തെ വിമര്‍ശിക്കാനും അസീസ് മടിച്ചില്ല. നിലവില്‍ ഭരണം മുന്നോട്ട് പോകുന്നത് തെറ്റായ രീതിയിലാണെന്നും മോശം ഭരണമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ പ്രകടനം പരമദയനീയമായിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്തടക്കം അഞ്ചു മണ്ഡലങ്ങളില്‍ മത്സരിച്ച ആര്‍എസ്പി ഒരിടത്തും വിജയിച്ചില്ല. സിറ്റിംഗ് സീറ്റുകളായ ചവറ, ഇരവിപുരം, കുന്നത്തൂര്‍ എന്നിവയ്ക്ക് പുറമെ തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് മത്സരിച്ചത്. ഇരവിപുരം, കുന്നത്തൂര്‍, ചവറ എന്നീ മൂന്നു സീറ്റുകളില്‍ ഇടതുപക്ഷമാണ് വിജയിച്ചത്. ബേബിജോണിന്റെ മകനും മന്ത്രിയുമായിരുന്ന ഷിബു ബേബിജോണും തോറ്റു. ഇത് പാര്‍ട്ടിക്ക് ഏറെക്ഷീണമുണ്ടാക്കി. 1957 ന് ശേഷം ആദ്യമായാണ് ആര്‍എസ്പിക്ക് കേരള നിയമസഭ കാണാന്‍ കഴിയാതെയാകുന്നത്.
കൊല്ലം പാര്‍ലമെന്റ് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആര്‍എസ്പി ഇടതുമുന്നണി വിടാന്‍ കാരണമായത്. മുന്നണി വിടാനുള്ള ആര്‍എസ്പിയുടെ തീരുമാനത്തെ കോവൂര്‍ കുഞ്ഞുമോനെ സ്വന്തംപാളയത്തിലെത്തിച്ചാണ് എല്‍ഡിഎഫ് നേരിട്ടത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved