Latest News :
Home » , » ബജറ്റ് വായനയില്‍ തോമസ് ഐസക് റെക്കോര്‍ഡിട്ടു

ബജറ്റ് വായനയില്‍ തോമസ് ഐസക് റെക്കോര്‍ഡിട്ടു

Written By Muhimmath News on Friday, 8 July 2016 | 16:19



തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡ് ഇനി ഡോ തോമസ് ഐസക്കിന് സ്വന്തം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആണ് ഇക്കാര്യത്തില്‍ ഐസക്ക് മറികടന്നത്. രണ്ട് മണിക്കൂറും 57 മിനിട്ടും നീണ്ടുനിന്നതായിരുന്നു ഐസക്ക് അവതരിപ്പിച്ച, പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രഥമ ബജറ്റ്. ഐസക്കിന്റെ ഏഴാം ബജറ്റ് കൂടിയായിരുന്നു ഇന്നത്തേത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണത്തിലായിരുന്നു മുഖ്യമന്ത്രികൂടിയായിരുന്ന ഉമ്മന്‍ ചാണ്ടി കേരള നിയമസഭയുടെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണത്തിനുള്ള റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇടയ്ക്ക് വെള്ളം പോലും കുടിക്കാതെ, രണ്ട് മണിക്കൂറും 54 മിനിട്ടും നീണ്ട് നിന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ബജറ്റ്. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ ഐസക്ക് തിരുത്തിക്കുറിച്ചിരിക്കുന്നത്.

ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രിയായിരുന്ന കെ എം മാണി മന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഈ വര്‍ഷമാദ്യം യുഡിഎഫ് സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. സാക്ഷാല്‍ മാണിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് അന്ന് ഉമ്മന്‍ ചാണ്ടി തകര്‍ത്തത്. 2013 ല്‍ രണ്ട് മണിക്കൂറും 50 മിനിട്ടും നീണ്ടുനിന്ന ബജറ്റ് അവതരണത്തിലൂടെയായിരുന്നു മാണി റെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved