Latest News :
...
Home » » സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

Written By Muhimmath News on Monday, 1 August 2016 | 09:41

ഇന്ന് സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തിന്റെ കാലമാണ്. ഫേസ് ബുക്ക്, വാട്‌സ്അപ്പ്, ട്വിറ്റര്‍ തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയകളിലും ദൈനം ദിനം പ്രചരിക്കുന്ന വാര്‍ത്തകള്‍, കട്ടിംഗുകള്‍ ഇടതും വലതും നോക്കാതെ കോപ്പി പേസ്റ്റ് ചെയ്യുന്ന പ്രവണത കൂടി വരുന്നു. 

തനിക്ക് വരുന്ന പോസ്റ്റില്‍ ആദ്യ ഭാഗം മാത്രം അല്‍പം വായിച്ച് നോക്കി അനുകൂല പോസ്‌റ്റെന്ന് തെറ്റിദ്ധരിച്ച് പോസ്റ്റ് ചെയ്യുകയും അവസാന ഭാഗം തനിക്ക് പ്രതികൂലമെന്ന തിരിച്ചറിയുമ്പോള്‍ നൂറുക്കണക്കിന് ഗ്രൂപ്പുകള്‍ വഴി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് വാര്‍ത്തകള്‍ പ്രചരിച്ചു കഴിഞ്ഞിട്ടുണ്ടാകും.
സത്യമാണോ അസത്യമാണോ എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടു പോയ ഒരു ജനതയായി മാറുകയാണോ ഈ ന്യൂ ജനറേഷന്‍ എന്ന് ന്യായമായും സംശയിച്ചു പോകുന്നു. ലോകത്തിന്റെ ശരവേഗതയിലുള്ള വളര്‍ച്ചയില്‍ ആശയ വിനിമയത്തിന്റെ കാല താമസം ഏറെ കുറഞ്ഞെന്ന നല്ല വശം മറച്ചു വെക്കുന്നില്ല. എന്നാലും ഒരു ചെറിയ ആലോചനകള്‍ തീര്‍ച്ചയായും ഉപഭോക്താകള്‍ നടത്തുന്നത് നല്ലതാണ്. 

തന്റെ മനസ്സിലുള്ള നൈസര്‍ഗ്ഗിക വാസന പുറത്തെടുക്കാനും സഭാകമ്പം മൂലമോ മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന മിഥ്യാ ഭയം മൂലം തന്റെ മനസ്സില്‍ കിടക്കുന്ന ആശയങ്ങളെ സമൂഹത്തിലെത്തിക്കാന്‍ മുമ്പ് കാലങ്ങളില്‍ സാധിക്കാതെ വന്നിറ്റുണ്ട് , പത്രമാധ്യമങ്ങളില്‍ ലേഖനമെഴുതാനും വാര്‍ത്തകള്‍ നല്‍കാനും മുന്നിട്ടിറങ്ങുന്നവര്‍ തന്നെ ഒന്നും രണ്ടും പ്രവാശ്യം തന്റെ ലേഖനങ്ങളും രചനകളും തിരസ്‌കരിക്കപ്പെട്ട് വേസ്റ്റ് ബോക്‌സില്‍ തള്ളുമ്പോള്‍ താന്‍ ഇതിന് അനുയോജ്യനല്ലെന്ന ധാരണ മനസ്സില്‍ പ്രവേശിക്കുകയും തന്റെ യത്‌നം നിറുത്തി വെക്കുകയും ചെയ്ത ഒത്തിരി പേരെ എനിക്കറിയാം. 

എന്നാല്‍ ഇന്ന് തനിക്കുള്ള ആശയങ്ങളെ എങ്ങിനെ വേണമെങ്കിലും എഴുതി പിടിപ്പിക്കാനും പത്രമാധ്യമങ്ങള്‍ വഴി എത്തുന്നതിനേക്കാളും വേഗതയില്‍ പതിനായിരങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കാനും സോഷ്യല്‍ മീഡിയകള്‍ വഴി സാധ്യമാകുന്നുവെന്നത് മനുഷ്യന്റെ കലാപരമായ വളര്‍ച്ചക്ക് സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെ വിളിച്ചോതുന്ന വസ്തുതയാണ്. 

കോടതിയും ഭരണകൂടവും നിരന്തരം വിലക്കിയിട്ടും അപകടങ്ങളും മനുഷ്യന്റെ മഹത്വത്തെ ഹനിക്കും വിധമുള്ള ഫോട്ടാകളും വീഡിയോകളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് ന്യൂ ജനറേഷന്‍ തെല്ലും മാറിയിട്ടില്ല. തന്റെ സഹജീവി അപകടത്തില്‍ പെട്ട് പ്രാണന് വേണ്ടി നിലവിളിക്കുമ്പോള്‍ പോലും അവന്റെ വീഡിയോ പോസ്റ്റ് ചെയ്യാന്‍ വേണ്ടി തിടുക്കം കാട്ടുന്ന പ്രവണത കാണുമ്പോള്‍ മനുഷ്യന്‍ മൃഗത്തേക്കാളും അധഃപതിക്കുകയാണ് ചെയ്യുന്നത്.

സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടി മരണ ശയ്യയില്‍ കിടക്കുന്ന വല്യുപ്പയുടെ അടുക്കല്‍ കുടുംബമൊന്നടങ്കം നിന്ന് സെല്‍ഫി യെടുക്കുകയും 'വല്യുപ്പയുടെ കൂടെ അവസാന സെല്‍ഫി' യെന്ന് കമന്റിടുകയും ചെയ്യുന്നത് ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാഹസിക പ്രകടനങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി കടലോരത്തും മലമുകളിലും ശക്തമായി ഒഴുകുന്ന പുഴക്കരയിലും റെയില്‍വേ ട്രാക്കിലും ഫോട്ടോ എടുക്കുന്നതിനിടയില്‍ ധാരുണാന്ത്യത്തിന് കാരണമായ സെല്‍ഫികള്‍ മനുഷ്യ കുലത്തിന് തന്നെ ആപല്‍ സൂചന നല്‍കുന്നതാണ്.

മൊത്തത്തില്‍ സോഷ്യല്‍ മീഡിയകള്‍ നല്ലതിന് വേണ്ടി ഉപയോഗിക്കാന്‍ തയ്യാറായാല്‍ ഈ ലോകത്ത് വന്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.


-ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved