Latest News :
Home » , » കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ആദിവാസി യുവതിയോട് 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; നല്‍കാത്തതിനാല്‍ ശസ്ത്രക്രിയ തടഞ്ഞു

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ആദിവാസി യുവതിയോട് 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; നല്‍കാത്തതിനാല്‍ ശസ്ത്രക്രിയ തടഞ്ഞു

Written By Muhimmath News on Wednesday, 3 August 2016 | 18:38

കാസര്‍കോട്: ചികിത്സക്കെത്തിയ ആദിവാസി യുവതിയോട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ 2000 രൂപ കൈക്കൂലി ചോദിച്ചു. നല്‍കാത്തതിനാല്‍ ശസ്ത്രക്രിയ മാറ്റിവെച്ചു. മധൂര്‍ ചേനക്കോട്ടെ ചെനിയയുടെ ഭാര്യ സരസ്വതി (26) ക്കാണ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ദുരിതമേല്‍ക്കേണ്ടിവന്നത്.

ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിയതിനാല്‍ ചികിത്സ തേടി എത്തിയതായിരുന്നു സരസ്വതി. രാവിലെ പത്ത് മണിക്ക് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ പുലിക്കുന്നിലെ ക്ലിനിക്കില്‍ ചെന്നാണ് ഡോക്ടറെ കണ്ടത്. ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്നും ആശുപത്രിത്രിയില്‍ ഇന്ന് തന്നെ അഡ്മിറ്റാവണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തി.

പട്ടികജാതിക്കാരിയാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളെല്ലാം കൊണ്ടുവന്നിരുന്നു. വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇന്ന് രാവിലെ ജ്യേഷ്ഠത്തി പട്ടികവര്‍ഗ ഓഫീസില്‍ ചെന്ന് ചികിത്സാ സഹായത്തിനുള്ള രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇതിനിടയില്‍ എത്തിയ ഡോക്ടര്‍ രേഖകള്‍ ആവശ്യപ്പെട്ടു. പട്ടികവര്‍ഗ ഓഫീസില്‍ കൊണ്ടുപോയിട്ടുണ്ടെന്നും ഇപ്പോള്‍ എത്തിക്കാമെന്നും സരസ്വതി ഡോക്ടറോട് പറഞ്ഞു. എന്നാല്‍ അതൊന്നും കൂട്ടാക്കിയില്ല. രേഖകള്‍ മാത്രം പോര രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി ആയിരം രൂപ വീതം വേണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടുവത്രെ. ഒന്നും പറയാതിരുന്ന സരസ്വതിക്ക് ഡിസ്ചാര്‍ജ് കുറിപ്പ് എഴുതികൊടുത്ത ഡോക്ടര്‍ ഇനി അടുത്തയാഴ്ച വന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ട് പറഞ്ഞയച്ചു.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളോട് രണ്ട് ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെടുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ഓപ്പറേഷന് വിധേയരാവുന്ന രോഗികളുടെ ബന്ധുക്കള്‍ പലപ്പോഴും പരാതി പറയാന്‍ ഭയക്കുന്നു. രോഗികളോട് ഓപ്പറേഷന്‍ തിയേറ്ററില്‍ മോശമായി പെരുമാറും എന്നതുകൊണ്ടാണ് പരാതിപ്പെടാന്‍ മടികാണിക്കുന്നത്. കൂടാതെ സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയക്ക് അരലക്ഷത്തില്‍പരം രൂപയാണ് ചെലവാകുന്നത്. അതിനാല്‍ സാമ്പത്തിക ശേഷി ഇല്ലാത്ത പലരും ആശ്രയിക്കുന്നത് കാസര്‍കോട് ജനറല്‍ ആശുപത്രിയെയാണ്.

സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ആശുപത്രിയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved