Latest News :
Home » , » ചെര്‍ക്കളയില്‍ സ്വര്‍ണ്ണവ്യാപാരിയെ കൊള്ളയടിച്ച കേസ്: ഫുട്‌ബോള്‍ താരം അറസ്റ്റില്‍

ചെര്‍ക്കളയില്‍ സ്വര്‍ണ്ണവ്യാപാരിയെ കൊള്ളയടിച്ച കേസ്: ഫുട്‌ബോള്‍ താരം അറസ്റ്റില്‍

Written By Muhimmath News on Saturday, 27 August 2016 | 20:10

കാസര്‍കോട്: കാറില്‍ കാറിടിപ്പിച്ച് കോടികളുടെ കൊള്ള നടത്തിയ സംഭവത്തില്‍ ഫുട്‌ബോള്‍ താരം അറസ്റ്റില്‍. കൂത്തുപറമ്പ് പാലത്തിങ്കരയിലെ എന്‍.കെ മൃദുലി (23)നെയാണ് വിദ്യാനഗര്‍ സി.ഐയുടെ ചുമതല വഹിക്കുന്ന ആദൂര്‍ സി.ഐ സിബി തോമസ് അറസ്റ്റ് ചെയ്തത്.

തനിക്ക് കൊള്ളയില്‍ പങ്കെടുത്തതിന് 20 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായാണ് മൃദുല്‍ പൊലിസിനോടു ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. കേസില്‍ അഞ്ചു പേര്‍ നേരിട്ട് പങ്കെടുത്തതായും അഞ്ചു പേര്‍ കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഓപറേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയവരാണെന്നുമാണ് മൃദുല്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുള്ളത്.

കൂത്തുപറമ്പിലെ റെനിലും, സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവര്‍ പ്രജീഷുമാണ് പണം തട്ടല്‍ ആസൂത്രണം ചെയ്തത്. ഇവരെ കൂടാതെ കൂത്തുപറമ്പിലെ സൂരജ്, മറ്റൊരു ഫുട്‌ബോള്‍ താരം ടുട്ടു എന്നിവരാണ് ഒപ്പമുണ്ടായിരുന്നതെന്നും ബാക്കിയുള്ളവരെ ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി സൂചനയുണ്ട്. മറ്റു പ്രതികള്‍ക്കുവേണ്ടി പത്തംഗ സംഘം കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തി വരുകയാണ്. പ്രതി മൃദുലിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കേണ്ടതു കൊണ്ട് പ്രതിയുടെ ചിത്രം പൊലിസ് പുറത്തുവിട്ടിട്ടില്ല.

ഈ മാസം ഏഴിന് വൈകിട്ട് അഞ്ചു മണിയോടെ ചെര്‍ക്കള ബേവിഞ്ച വളവിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. പണവുമായി പൂനെയില്‍ നിന്നും വരുകയായിരുന്ന സ്വര്‍ണ വ്യാപാരിയുടെ എര്‍ടിക കാറിനെ പ്രതികള്‍ സഞ്ചരിച്ച കാര്‍ കൊണ്ടിടിച്ച് തടഞ്ഞു നിര്‍ത്തി പണം കൊള്ളയടിക്കുകയായിരുന്നു. പണവുമായി പോവുകയായിരുന്ന കാറിലുണ്ടായിരുന്നവര്‍ക്ക് നേരെ കള്ളത്തോക്ക് ചൂണ്ടി ഇവരെ ഭീതിയിലാഴ്ത്തിയ ശേഷമായിരുന്നു കൊള്ള നടത്തിയത്.

കൊള്ളയ്ക്ക് ആസൂത്രണം നടത്തിയവരില്‍ രാഷ്ട്രീയ രംഗത്തുള്ളവരും ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പൂനെയിലും തലശ്ശേരിയിലുമായി ജ്വല്ലറി വര്‍ക്‌സ് നടത്തുന്ന പൂനെ സ്വദേശി വികാസിന്റെ പണമാണ് കൊള്ളയടിച്ചത്. വികാസിന്റെ വലംകൈയ്യായ പൂനെയിലെ ഗണേശും ഇയാളുടെ െ്രെഡവര്‍ കൂത്തുപറമ്പിലെ പ്രജീഷും ചേര്‍ന്നാണ് പണം തലശ്ശേരിയിലേക്ക് കൊണ്ടുവന്നിരുന്നത്. പ്രജീഷ് തന്നെയാണ് പണം കൊണ്ടുവരുന്ന വിവരം പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോള്‍ അറസ്റ്റിലായ മൃദുല്‍ ബംഗളൂരുവില്‍ കാന്റീന്‍ നടത്തി വരുകയാണ്. പ്രശസ്ത ഫുട്‌ബോള്‍ താരം കൂടിയാണ് മൃദുല്‍. ഈ മാസം ആറിന് വൈകുന്നേരം വീടിനു സമീപത്തെ ഫുട്‌ബോള്‍ മൈതാനിയില്‍ ജഴ്‌സിയണിഞ്ഞ് കളിക്കാനെത്തിയപ്പോഴാണ് സുഹൃത്ത് ടുട്ടു കൊള്ളയടിക്കാനുള്ള പദ്ധതിയുമായി തന്നെ സമീപിച്ചതെന്നും, ഹവാല പണം കൊണ്ടുവരുന്നുണ്ടെന്നും അത് തട്ടിയെടുത്ത് എളുപ്പത്തില്‍ പണമുണ്ടാക്കാമെന്നും ടുട്ടു പറഞ്ഞതനുസരിച്ച് ഏഴിന് വാടകയ്‌ക്കെടുത്ത റിറ്റ്‌സ് കാറില്‍ അഞ്ചു പേര്‍ തലപ്പാടിയിലെത്തുകയും പണവുമായി വരുകയായിരുന്ന കാറിനെ പിന്തുടരുകയുമായിരുന്നു. പലസ്ഥലത്ത് വച്ചും കൊള്ളയ്ക്കായി ഇവര്‍ നീക്കം നടത്തിയെങ്കിലും സുരക്ഷിതമല്ലാത്ത വന്നതോടെയാണ് ബേവിഞ്ചയില്‍ വച്ച് സംഘം എര്‍ടികയില്‍ ഇടിച്ച് പണം തട്ടിയത്.

പ്രതിയെ പൊലിസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. മൃദുലിനെ പിടികൂടിയ പൊലിസ് സംഘത്തില്‍ എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, പി. രഘൂത്തമന്‍, സത്യന്‍ എന്നിവരും ഉണ്ടായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved