Latest News :
Home » , , » ഗുജറാത്തില്‍ ബിജെപിയെ ഞെട്ടിപ്പിച്ച് കൂറ്റന്‍ ദളിത് റാലി

ഗുജറാത്തില്‍ ബിജെപിയെ ഞെട്ടിപ്പിച്ച് കൂറ്റന്‍ ദളിത് റാലി

Written By Muhimmath News on Monday, 1 August 2016 | 12:23

അഹമ്മദാബാദ്: ഗുജറാത്തില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ തുടര്‍ന്നു വരുന്ന ദളിത് അക്രമങ്ങള്‍ക്കെതിരെ ശക്തി തെളിയിച്ച് ദളിതര്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി തങ്ങളുടെ ശക്തി വിളിച്ചോതിയാണ് പതിനായിരക്കണക്കിന് ദളിതര്‍ തെരുവിലിറങ്ങിയത്. വര്‍ഷങ്ങളായി അധികാരം കൈയാളുന്ന ബിജെപിക്ക് കനത്ത താക്കീതു കൂടിയായി ഈ ദളിത് മഹാ സമ്മേളനം.

2017 ല്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ദളിത് ശക്തിയെന്താണെന്ന് ബിജെപി അറിയുമെന്ന മുന്നറിയിപ്പും സമ്മേളനത്തില്‍ നേതാക്കള്‍ നല്‍കി. ദളിതരെന്ന പേരില്‍ തങ്ങള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകളെ ഇല്ലാതാക്കന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നതു വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. ഉന നഗരത്തിലേക്ക് വന്‍ ദളിത് പങ്കാളിത്തത്തോടെ മാര്‍ച്ച് നടത്താനും പദ്ധതിയുണ്ട്.

പശുത്തോല്‍ കടത്തുന്നുവെന്ന് ആരോപിച്ച് ജൂലൈ 11 ന് ദലിത് യുവാക്കളെ പൊതുജനമധ്യേ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തോടെയാണ് ദളിതര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സംഭവസ്ഥലമായ ഉനയിലേക്ക് ആഗസ്റ്റ് അഞ്ചിന് വന്‍ റാലിക്കാണ് ദളിതര്‍ പദ്ധതിയിടുന്നത്. പ്രതിഷേധത്തിന്റെ ആദ്യപടിയെന്നോണം ഇനി മുതല്‍ സംസ്ഥാനത്ത് ചത്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്ന പണിയെടുക്കില്ലെന്ന് ദളിതര്‍ പ്രഖ്യാപിച്ചു. പശുവിനെ ഗോമാതാവായി കാണുന്നവര്‍ തന്നെ ഈ പണിയെടുക്കട്ടേയെന്നായിരുന്നു ദളിത് നേതാക്കള്‍ പ്രസ്താവിച്ചത്.

ഗുജറാത്തില്‍ ദളിതര്‍ കൂടുതലും അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ജോലിപോലുള്ളവയാണ് ചെയ്യുന്നത്. ഇനിമുതല്‍ ഇത്തരം പണികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ദളിത് സംഘങ്ങള്‍ പറഞ്ഞു. ഗുജറാത്തില്‍ ഉയര്‍ന്നുവരുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ലെങ്കില്‍ വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് ദയനീയമായ പരാജയമായിരിക്കുമെന്നും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved