Latest News :
Home » , , » ആംബുലന്‍സിന് പണമില്ല; ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി യുവാവ് നടന്നത് 10 കിലോമീറ്റര്‍

ആംബുലന്‍സിന് പണമില്ല; ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി യുവാവ് നടന്നത് 10 കിലോമീറ്റര്‍

Written By Muhimmath News on Thursday, 25 August 2016 | 10:58

ഭുവനേശ്വര്‍: ഒഡീഷയില്‍ ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി പത്ത് കിലോമീറ്റര്‍ നടന്നു. ഒഡീഷയിലെ ഭവാനിപാറ്റ്‌നയിലായിരുന്നു സംഭവം. ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹവുംവഹിച്ച് ദനാ മജ്ഹി എന്ന 42കാരനാണ് മകള്‍ക്കൊപ്പം കിലോമീറ്ററുകള്‍ പിന്നിട്ടത്. കലാഹാണ്ഡി ഗ്രാമത്തിലാണ് ദനാ മജ്ഹി താമസിച്ചുവരുന്നത്. ഒഡീഷയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് കലാഹാണ്ഡി.

ജില്ലാ ആശുപത്രിയിലാണ് ദനാ മജ്ഹിയുടെ ഭാര്യ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മൃതദേഹം കലാഹാണ്ഡിയിലേക്കു കൊണ്ടുപോകാന്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കണം. വാഹനത്തില്‍ കൊണ്ടുപോകാന്‍ പണവുമില്ല. പണമില്ലാതെ ആംബുലന്‍സ് അനുവദിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ദനാ മജ്ഹി ഭാര്യയുടെ മൃതദേഹം കമ്പിളിപുതപ്പില്‍ പൊതിഞ്ഞെടുത്ത് മകള്‍ക്കൊപ്പം ഗ്രാമത്തിലേക്ക് നടന്നു. 

പത്ത് കിലോമീറ്ററോളം നടന്നപ്പോള്‍ പ്രാദേശിക ചാനലുകാര്‍ ദനാ മജ്ഹിയെ കണ്ടുമുട്ടിയതാണ് സഭവം പുറത്തറിയാനിടയായത്. ചാനല്‍ സംഘം വിവരം ജില്ലാ കളക്ടറെ അറിയിക്കുകയും, അദ്ദേഹം ഇടപെട്ട് അവശേഷിക്കുന്ന ദൂരം സഞ്ചരിക്കുന്നതിനായി മജ്ഹിക്ക് ആംബുലന്‍സ് ഏര്‍പ്പാടാക്കുകയും ചെയ്തു.

ആശുപത്രികളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം വീടുകളിലെത്തിക്കുന്നതിനായി മഹാപാരായണ എന്ന പേരില്‍ ഒഡീഷാ സര്‍ക്കാര്‍ പ്രത്യേക പദ്ധതി ഫെബ്രുവരിയില്‍ ആരംഭിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി 37 ആശുപത്രികളിലായി 40 വാഹനങ്ങള്‍ സജ്ജമാക്കുകയും ചെയ്തിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved