Latest News :
Home » » തെരുവുനായ വന്ധ്യംകരണ പദ്ധതിക്ക് കാസര്‍കോട്ട് തുടക്കമായി

തെരുവുനായ വന്ധ്യംകരണ പദ്ധതിക്ക് കാസര്‍കോട്ട് തുടക്കമായി

Written By Muhimmath News on Thursday, 18 August 2016 | 21:51

കാസര്‍കോട്: തെരുവ് നായകളെ വന്ധ്യംകരിക്കുന്നതിന് ജില്ലാപഞ്ചായത്ത് രൂപം നല്‍കിയ മാതൃകാപദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും അലഞ്ഞുതിരിയുന്ന നായകളെ പിടികൂടിതുടങ്ങി. ബംഗളൂരു ആസ്ഥാനമായുള്ള സര്‍ക്കാരേതര സംഘടനയാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റോഡരികിലും മറ്റും അലഞ്ഞുതിരിയുന്ന നായകളെ പിടികൂടി പ്രത്യേക കേന്ദ്രത്തിലെത്തിച്ച് നിരീക്ഷിക്കുകയും വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി പരിചരണം നല്‍കി പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടുകയുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

നഗരത്തില്‍ കഴിഞ്ഞ ദിവസമാണ് തെരുവ് നായകളെ പിടികൂടി തുടങ്ങിയത്. ഒറീസ സ്വദേശികളായ തൊഴിലാളികളാണ് പ്രത്യേകമായുണ്ടാക്കിയ വലയില്‍ നായകളെ പിടിക്കുന്നത്. രണ്ടു ദിവസങ്ങളിലായി കാസര്‍കോട് നഗരത്തില്‍ നിന്നുമാത്രം 30 നായകളെയാണ് പിടികൂടിയത്. കാസര്‍കോട് പഴയ ജില്ലാ വെറ്ററനറി കേന്ദ്രം നവീകരിച്ച് 13.75 ലക്ഷം രൂപ ചെലവിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. നായകളെ സംരക്ഷിക്കുന്ന കൂട്, ഓപ്പറേഷന്‍ തിയേറ്റര്‍, പോസ്റ്റ്ഓപ്പറേഷന്‍ കെയര്‍ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved