Latest News :
Home » , , » തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് ദേശീയ മൃഗക്ഷേമ ബോര്‍ഡ്

തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് ദേശീയ മൃഗക്ഷേമ ബോര്‍ഡ്

Written By Muhimmath News on Wednesday, 24 August 2016 | 12:39

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവു നായ്ക്കളെ കൊല്ലാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കത്തിനെതിരെ ദേശീയ മൃഗക്ഷേമ ബോര്‍ഡ്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവിന്റെ ലംഘനവുമാണെന്ന് ചെയര്‍മാന്‍ ഡോ. ആര്‍.എം ഖര്‍ബ് മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാറിന് നോട്ടീസ് അയക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന നായ്ക്കളെ മരുന്ന് കുത്തിവെച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടൊപ്പം അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ നിയമ തടസമില്ലെന്നു മന്ത്രി കെ.ടി. ജലീല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ജനങ്ങളുടെ ജീവനാണു പരമപ്രധാനമെന്നും എന്നാല്‍ തെരുവുനായ്ക്കളെ കൊന്നാല്‍ ഉണ്ടാകുന്ന നിയമപ്രശ്‌നമാണ് ഉദ്യോഗസ്ഥരെ അത്തരം നടപടികളില്‍ നിന്നു പിന്തിരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പുല്ലുവിള കടല്‍ത്തീരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മ മരിച്ചതിനെ തുടര്‍ന്നാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍ ശിലുവമ്മയുടെ മകന്‍ സെല്‍വരാജിനും പരിക്കേറ്റിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved