Latest News :
Home » , , » ആകാശവാണി കോഴിക്കോട്.... ഇനി വാര്‍ത്തകളുണ്ടാവില്ല

ആകാശവാണി കോഴിക്കോട്.... ഇനി വാര്‍ത്തകളുണ്ടാവില്ല

Written By Muhimmath News on Thursday, 11 August 2016 | 11:16

കോഴിക്കോട്: ആകാശവാണി കോഴിക്കോട്... വാര്‍ത്തകള്‍ വായിക്കുന്നത്.... അര നൂറ്റാണ്ടായി മലയാളികള്‍ കേട്ടുകൊണ്ടിരിക്കുന്ന ഈ ശബ്ദം ഇനി അധികനാള്‍ ഉണ്ടാവില്ല. കോഴിക്കോട്ടെ ആകാശവാണി പ്രാദേശിക വാര്‍ത്താ യൂനിറ്റ് അടച്ചുപൂട്ടുന്നതു സംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഇതുപ്രകാരം കോഴിക്കോട് വാര്‍ത്താ യൂനിറ്റ് തിരുവനന്തപുരത്തെ പ്രാദേശിക വാര്‍ത്താ വിഭാഗവുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലയിപ്പിക്കുമെന്നാണറിയുന്നത്.

ഓരോ സംസ്ഥാനത്തും തലസ്ഥാന നഗരിയില്‍ മാത്രം ആകാശവാണി വാര്‍ത്താവിഭാഗങ്ങള്‍ മതിയെന്ന എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനമാണ് ഇതിനുപിന്നിലുള്ളത്. മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കീഴിലുള്ള ധനകാര്യവകുപ്പ് ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുത്തിരിക്കുകയാണ്. പ്രാദേശിക വാര്‍ത്താവിഭാഗത്തിലെ ജീവനക്കാരായ ന്യൂസ് എഡിറ്റര്‍, കറസ്‌പോണ്ടന്റ് എന്നിവരോട് തലസ്ഥാന യൂനിറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണു കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ രാവിലെ 6.45നുള്ള മലയാളം പ്രാദേശിക വാര്‍ത്ത കേരളമൊന്നാകെ സംപ്രേഷണം ചെയ്യുന്നത് ആകാശവാണി കോഴിക്കോട് യൂനിറ്റില്‍ നിന്നാണ്. കൂടാതെ ഉച്ചയ്ക്ക് 12.30നുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രാദേശിക വാര്‍ത്താ ബുള്ളറ്റിനും എഫ്എം പ്രധാന വാര്‍ത്തകളും കോഴിക്കോട് പ്രാദേശിക വാര്‍ത്താ യൂനിറ്റാണു തയ്യാറാക്കുന്നത്. കൂടാതെ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് വാര്‍ത്ത അടക്കമുള്ള പരിപാടികളും കോഴിക്കോട് വാര്‍ത്താവിഭാഗത്തില്‍ നിന്നു സംപ്രേഷണം ചെയ്യുന്നു.

കോഴിക്കോട് ആകാശവാണി വാര്‍ത്താ വിഭാഗം പ്രവര്‍ത്തനപഥത്തില്‍ അരനൂറ്റാണ്ട് പിന്നിട്ടത് ഈയടുത്താണ്. വാര്‍ത്താ പ്രക്ഷേപണത്തില്‍ പിന്നാക്ക ജില്ലകള്‍ കൂടുതലുള്ള മലബാറിനെ പരിഗണിക്കണമെന്ന് പൊതുവികാരം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് അരനൂറ്റാണ്ട് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിക്കുന്നത്. സംസ്ഥാനത്തെ റേഡിയോ പരിപാടികളില്‍ ഏറ്റവും അധികം ശ്രോതാക്കള്‍ ഉള്ളതെന്ന് കാലങ്ങളായി ഓഡിയന്‍സ് റിസേര്‍ച്ച് വിങ് വിലയിരുത്തുന്ന പരിപാടിയാണ് കോഴിക്കോട്ടുനിന്നുള്ള രാവിലത്തെ പ്രാദേശിക വാര്‍ത്തകള്‍. സ്വകാര്യ എഫ്എം ചാനലുകള്‍ക്കു വാര്‍ത്തയ്ക്കുള്ള അനുമതി നല്‍കാന്‍ നീക്കം നടക്കുന്നുണ്ടെന്ന പ്രചാരണത്തിനിടയിലാണ് ഈ അടച്ചുപൂട്ടല്‍ ഉത്തരവ് ഇറങ്ങിയതെന്നത് സംഭവത്തിനു പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന സംശയത്തിന് ഇടവരുത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളി, കര്‍ണാടകയിലെ ഹര്‍വാര്‍ദ് എന്നീ പ്രാദേശിക വാര്‍ത്താ വിഭാഗങ്ങള്‍ ചെന്നൈ, ബംഗളൂരു തുടങ്ങി തലസ്ഥാന വാര്‍ത്താകേന്ദ്രങ്ങളില്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. എന്നാല്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പ്രാദേശിക വാര്‍ത്താവിഭാഗങ്ങള്‍  കേന്ദ്രസര്‍ക്കാര്‍  നിലനിര്‍ത്തിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved