Latest News :
Home » , , » 15 ഗ്വണ്ടനമോ തടവുകാരെ അമേരിക്ക യു.എ.ഇക്ക് കൈമാറി

15 ഗ്വണ്ടനമോ തടവുകാരെ അമേരിക്ക യു.എ.ഇക്ക് കൈമാറി

Written By Muhimmath News on Wednesday, 17 August 2016 | 12:41

അബൂദാബി: 15 ഗ്വണ്ടാനമോ തടവുകാരെ അമേരിക്ക യു.എ.ഇക്ക് കൈമാറി. 12 യമനികളെയും 3 അഫ്ഗാനികളെയുമാണ് കൈമാറിയത്. അമേരിക്കന്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പെട്ട വിദഗ്ധ സംഘമാണ് തടവുകാരുടെ കൈമാറ്റത്തിന് അനുമതി നല്‍കിയതെന്ന് പെന്റഗണ്‍ അറിയിച്ചു. 

കൈമാറിയവരില്‍ 14 വര്‍ഷം വരെ തടവില്‍ കഴിഞ്ഞവരും ഒരു കുറ്റവും ചുമത്താതെ ജയിലിലടിക്കപ്പെട്ടവരുമുണ്ട്. പുതിയ കൈമാറ്റത്തോടെ ഗ്വണ്ടനമോ ജയിലിലെ തടവുകാരുടെ എണ്ണം 61 ആയി ചുരുങ്ങി. 2002 ല്‍ 800ഓളം തടവുകാരുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ബറാക് ഒബാമ ഭരണമേല്‍ക്കുമ്പോള്‍ ജയിലില്‍ 242 പേരാണുണ്ടായിരുന്നത്. ഇപ്പോഴത്തെ കൈമാറ്റമടക്കം മൊത്തം 200പേരെയാണ് ഒബാമയുടെ ഭരണകാലത്ത് ഗ്വണ്ടനമോയില്‍ നിന്ന് മാറ്റിയത്.

ജോര്‍ജ്ജ് ഡബ്ല്യൂ. ബുഷ് സര്‍ക്കാര്‍ 532 പേരെ വിട്ടയച്ചിരുന്നു. ഒബാമ 2009ല്‍ അധികാരമേറ്റ ശേഷമുള്ള തടവുകാരുടെ ഏറ്റവും വലിയ കൈമാറ്റമാണ് ഇപ്പോഴത്തേത്. അടുത്ത വര്‍ഷം ജനുവരിയില്‍ പദവിയില്‍ നിന്നൊഴിയുന്ന ഒബാമ അധികാരമേറ്റയുടന്‍ ഗ്വണ്ടനാമ ജയില്‍ സംവിധാനം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

ഗ്വണ്ടനാമോ ജയില്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് യു.എ.ഇ നല്‍കുന്ന പിന്തുണക്ക് അമേരിക്കന്‍ സര്‍ക്കാര്‍ നന്ദിയുള്ളവരാണെന്ന് പെന്റഗണ്‍ പറഞ്ഞു. അതേ സമയം വിദേശകാര്യ സഭാ ചെയര്‍മാനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയുമായ എഡ് റോയ്‌സ് ഒബാമയുടെ നീക്കത്തെ വിമര്‍ശിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved