Latest News :
Home » , » ഇറോം ശര്‍മിള നിരാഹാരം അവസാനിപ്പിച്ചു; ഇനി രാഷ്ട്രീയത്തിലേക്ക്

ഇറോം ശര്‍മിള നിരാഹാരം അവസാനിപ്പിച്ചു; ഇനി രാഷ്ട്രീയത്തിലേക്ക്

Written By Muhimmath News on Tuesday, 9 August 2016 | 17:59



ഇംഫാല്‍: ഇറോം ശര്‍മിള നിരാഹാരം അവസാനിപ്പിച്ചു. 16 വര്‍ഷം നീണ്ടു നിന്ന നിരാഹാര സമരത്തിനാണ് ഇതോടെ അവസാനമാകുന്നത്. ഇനി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് ശര്‍മിള അറിയിച്ചു. മണിപ്പൂരില്‍ സൈന്യത്തിനുളള പ്രത്യേകാധികാര നിയമം പിന്‍വലിക്കുന്നതിന് വ്യത്യസ്ത സമരമാര്‍ഗം സ്വീകരിക്കും. വരുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ മല്‍സരിക്കും. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ അഫ്‌സ്പ പിന്‍വലിക്കാന്‍ ശ്രമിക്കുമെന്നും ഇറോം ശര്‍മിള വ്യക്തമാക്കി. നിരാഹാരത്തിന്റെ പേരില്‍ തടങ്കലിലായിരുന്ന ഇറോം ശര്‍മിളയ്ക്ക് ഇംഫാലിലെ ജില്ലാ കോടതി ജാമ്യം അനുവദിച്ചു.

ഇംഫാല്‍ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയില്‍ ഒപ്പുവെച്ചതിനാല്‍ ഇറാം ശര്‍മിള മോചിതയാകും. ആത്മഹത്യാ ശ്രമത്തിന് കേസ് നിലനില്‍ക്കുന്നതിനാല്‍ ജാമ്യ വ്യവസ്ഥയോടെ മാത്രമേ മോചിപ്പിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയില്‍ നിന്നാണ് ഇറോം ശര്‍മിള ജില്ലാകോടതിയില്‍ എത്തിയത്.

വൈദ്യപരിശോധനയ്ക്ക് ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തന്നെ കഴിയേണ്ടിവരും. 2000 നവംബര്‍ അഞ്ചിനാണ് ഇറോം ശര്‍മിള നിരാഹാര സമരം തുടങ്ങിയത്. പതിനാറ് വര്‍ഷമായി ഭക്ഷണമൊന്നും കഴിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇവര്‍ക്ക് മൂക്കിലൂടെ കുഴലിട്ട് നിര്‍ബന്ധപൂര്‍വമാണ് ദ്രവഭക്ഷണം നല്‍കുന്നത്.

നിരാഹാര സമരം അവസാനിപ്പിക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കഴിഞ്ഞ മാസം 26ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിക്കുമെന്നും അന്ന് ഇവര്‍ അറിയിച്ചിരുന്നു. എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കൗണ്ടിഞ്ഞോയുമായെയാകും വിവാഹം കഴിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരാഹാര സമരം അവസാനിപ്പിച്ചാല്‍ ഇറോം ശര്‍മിളയെ വകവരുത്തുമെന്ന് മണിപ്പൂരി വിഘടനാദികള്‍ ഭീഷണി മുഴക്കി. നിരാഹാരം അവസാനിപ്പിക്കരുതെന്നും മണിപൂര്‍ സ്വദേശിയല്ലാത്ത ഒരാളെ വിവാഹം കഴിക്കരുതെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നുമാണ് ഇവരുടെ ആവശ്യം. രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുന്‍ഗാമികളെപ്പോലെ മരണമായിരിക്കും ശിക്ഷയെന്നും വിഘടനവാദികള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved