Latest News :
Home » , , » ജലീല്‍ സൗദിയിലേക്ക് പോകേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ജലീല്‍ സൗദിയിലേക്ക് പോകേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Written By Muhimmath News on Friday, 5 August 2016 | 21:02



ന്യൂഡല്‍ഹി: സൗദിയിലേയ്ക്ക് മന്ത്രി ജലീല്‍ പോകണ്ടതില്ലെന്ന് വിദേശകാര്യമന്ത്രാലയം. ചെയ്യേണ്ടതൊക്കെ ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രി കെ.ടി ജലീലിന്റെ സൗദി യാത്രവിവാദം സംബന്ധിച്ച ആരോപണങ്ങള്‍ തെറ്റിദ്ധാരണമൂലമെന്ന് വിദേശ കാര്യവക്താവ് വികാസ് രൂപ് അറിയിച്ചു. മന്ത്രിതല സന്ദര്‍ശനത്തിന് അപേക്ഷിച്ച സമയം ഉചിതമല്ലെന്നും നിലവില്‍ വിദേശകാര്യ സഹമന്ത്രി സൗദിയിലുണ്ടെന്നും വികാസ് സ്വരൂപ് അറിയിച്ചു.

മന്ത്രി കെ.ടി ജലീലിന്റെ സൗദി യാത്ര സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാടെന്ന് വ്യക്തമല്ലെന്നും അത്തരമൊരു നിലപാട് കേന്ദ്രം സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന പിണറായി വിജയന്‍ പറഞ്ഞു. കെ.ടി ജലീലിനെ ജിദ്ദയിലേയ്ക്ക് അയക്കാന് തീരുമാനിച്ചത് ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടമായി കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അനുഭവിക്കുന്ന ആശങ്കകള്‍ പരിഹരിക്കാനും നിയമനടപടികള്‍ എളുപ്പത്തിലാക്കാനുമാണ് മന്ത്രിയെ സൗദിയിലേക്ക് വിടാന്‍ ആലോചിച്ചത്.പ്രവാസികളായവരുടെ കുടുംബങ്ങളുടെ ആശങ്കകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. എന്നാല്‍ കേന്ദ്രമന്ത്രി പോയതിന് പിന്നാലെ അങ്ങോട്ട് പുറപ്പെടാനൊരുങ്ങിയ സംസ്ഥാന മന്ത്രിയെ തടഞ്ഞത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം നയതന്ത്ര പാസ്‌പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി കെ.ടി.ജലീല്‍ സൗദിയിലേക്കുള്ള യാത്ര താല്‍കാലികമായി മാറ്റി വെച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാന്‍ വേണ്ടിയല്ല, സഹായിക്കാന്‍ വേണ്ടിയായിരുന്നു സൗദിയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും കേന്ദ്ര നിലപാട് വേദനിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം പാസ്‌പോര്‍ട്ട് നിരസിക്കല്‍ കെ.ടി ജലീല്‍ ചോദിച്ച് വാങ്ങിയതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു.

ശമ്പളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സഹായിക്കാന്‍ സൗദിയിലേക്ക് പോകാന്‍ തിരുമാനിച്ച മന്ത്രി കെ.ടി.ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്തത് കേന്ദ്രസര്‍ക്കാര്‍ നടപടി ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved