Latest News :
Home » , , , , » തീവ്രവാദ വിരുദ്ധ കാമ്പയിന്‍; ചേളാരി സമസ്തയുടെ നിലപാടിനെതിരെ ലീഗ് രംഗത്ത്

തീവ്രവാദ വിരുദ്ധ കാമ്പയിന്‍; ചേളാരി സമസ്തയുടെ നിലപാടിനെതിരെ ലീഗ് രംഗത്ത്

Written By Muhimmath News on Saturday, 13 August 2016 | 11:07

മലപ്പുറം: ചേളാരി വിഭാഗം സമസ്ത നടത്തുന്ന തീവ്രവാദ വിരുദ്ധ കാമ്പയിന്റെ തലക്കെട്ട് മാറ്റണമെന്ന് മുസ്ലിം ലീഗ്. 'ഐ.എസ്, സലഫിസം, ഫാഷിസം' തലക്കെട്ടില്‍ ചേളാരി വിഭാഗം എസ്.വൈ.എസ് നടത്തുന്ന കാമ്പയിന്‍ മുജാഹിദ് വിഭാഗത്തെ ലക്ഷ്യമാക്കുന്നതാണെന്ന വിമര്‍ശത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ ഇടപെട്ട് തലക്കെട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. 

ഇതുസംബന്ധിച്ച് വെള്ളിയാഴ്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ സമസ്ത നേതാക്കളെ വിളിച്ചുവരുത്തി ലീഗ് ആവശ്യം മുന്നോട്ടുവെച്ചു്. എന്നാല്‍, മറ്റു വിഭാഗങ്ങളെ തീവ്രവാദികളായി മുദ്രകുത്തുന്നത് മുജാഹിദ് വിഭാഗം തുടരുന്നതിനാല്‍ തങ്ങളുടെ കാമ്പയിനുമായി മുന്നോട്ടുപോകുമെന്ന് സമസ്തയുടെയും എസ്.വൈ.എസിന്റെയും നേതാക്കള്‍ വ്യക്തമാക്കി. ഇതോടെ എല്ലാ മുസ്ലിം സംഘടനകളെയും വിളിച്ചുചേര്‍ത്ത് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു.

മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് ഹൈദരലി തങ്ങള്‍ക്ക് പുറമെ പി.കെ. കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും ചേളാരി വിഭാഗം സമസ്തയുടെ ഭാഗത്തുനിന്ന് കോട്ടുമല ബാപ്പു മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഉമര്‍ ഫൈസി മുക്കം,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ മുണ്ടുപാറ, മമ്മദ് ഫൈസി എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.  ഹൈദരലി തങ്ങളുടെ അനുമതിയോടെയാണ്  കാമ്പയിന്‍ തുടങ്ങിയതെന്ന് ചേളാരി സമസ്ത നേതാക്കള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (ഐ.എസ്.എം) 'ആത്മീയ തീവ്രത, സൂഫിസം, ഭീകരത' പേരില്‍ സംഘടിപ്പിച്ച പരിപാടി സുന്നികളെ ലക്ഷ്യമാക്കിയുള്ള തലക്കെട്ടാണ്. മാത്രവുമല്ല, കെ.എന്‍.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി കഴിഞ്ഞദിവസം ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സുന്നികളെയും ജമാഅത്തെ ഇസ്ലാമിയെയും പരോക്ഷമായി ആക്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് മാത്രമായി വിമര്‍ശിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനാകില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു. ഇതോടെ ജൂലൈ 30ന് കോഴിക്കോട് ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായി സംഘടനകള്‍ പരസ്പരം കുറ്റപ്പെടുത്താതിരിക്കാന്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് ആലോചിക്കാന്‍ മുസ്ലിം സംഘടനകളുടെ യോഗം വീണ്ടും വിളിച്ചു ചേര്‍ക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുകയായിരുന്നു. ഇതിനായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയെ ചുമതലപ്പെടുത്തും.
ഇപ്പോഴുള്ള തലക്കെട്ടില്‍ തന്നെ കാമ്പയിനുമായി മുന്നോട്ടുപോകാനാണ് ചേളാരി സമസ്തയുടെ തീരുമാനമെന്നറിയുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved