Latest News :
Home » , , » 1200 കോടി രൂപയുടെ ആസ്തിയുള്ള കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി: നീലേശ്വരം സ്വദേശിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

1200 കോടി രൂപയുടെ ആസ്തിയുള്ള കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി: നീലേശ്വരം സ്വദേശിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

Written By Muhimmath News on Tuesday, 30 August 2016 | 18:39

കാസര്‍കോട്: തൃശൂരിലെ 1200 കോടി രൂപയുടെ ആസ്തിയുള്ള കുടുംബത്തിലെ പതിനാറുകാരിയെയും കൊണ്ട് കാസര്‍കോട്ടേക്ക് കടന്ന നീലേശ്വരം സ്വദേശിക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസിറക്കി. നീലേശ്വരം, കാട്ടിപ്പൊയില്‍ ചൂരിക്കാട് ഹൗസിലെ ചന്ദ്രന്റെ മകന്‍ ചൂരിക്കാടന്‍ സജീഷ് ചന്ദ്ര(30)നെതിരെയാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ എ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. നോട്ടീസ് ഇന്നുച്ചയോടെ വിവിധ റെയില്‍വെ സ്‌റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലും ജനത്തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലും പതിച്ചു. കാഞ്ഞങ്ങാട് ബല്ല സ്വദേശിക്ക് മെഡിക്കല്‍ സീറ്റ് തരപ്പെടുത്തനായി ഏഴു ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

ഈ മാസം 13ന് ആണ് തൃശൂര്‍, പേരമംഗലത്തെ രഹന ഹൗസിലെ പെണ്‍കുട്ടിയുമായി സജീവ് ചന്ദ്രന്‍ കടന്നുകളഞ്ഞത്. സംഭവം സംബന്ധിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സ്വന്തം നിലക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പേരമംഗലം പൊലീസില്‍ പരാതി നല്‍കി. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സജീഷ് ചന്ദ്രന്‍ പെണ്‍കുട്ടിയുമായി കാസര്‍കോട്ടേക്ക് കടന്നതായി കണ്ടെത്തി. തുടര്‍ അന്വേഷണത്തില്‍ പെണ്‍കുട്ടിയും സജീഷും കര്‍ണ്ണാടകയിലേക്ക് രക്ഷപ്പെട്ടതായി വ്യക്തമായി. പേരമംഗലം പൊലീസ് കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കര്‍ണ്ണാടക പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സജീഷ് ചന്ദ്രന്‍ കാസര്‍കോട്ടേക്ക് തന്നെ രക്ഷപ്പെട്ടതായും സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന് പേരമംഗലം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ കാസര്‍കോട്ടെത്തി. ജില്ലാ പൊലീസ് മേധാവിയുമായും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച്ച നടത്തി.

കര്‍ണ്ണാടകയിലെയും തമിഴ്‌നാട്ടിലേയും സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ പ്രതിയാണ് പെണ്‍കുട്ടിയുമായി രക്ഷപ്പെട്ടതെന്ന് വ്യക്തമായി. സജീഷിനെതിരെ കാസര്‍കോട്, കാഞ്ഞങ്ങാട്, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിലില്‍ കേസുണ്ട്. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തുവെന്നാണ് കേസ്.

തട്ടിപ്പുമായി ബന്ധപ്പെട്ട് സജീഷിനെതിരെ അന്വേഷണം നടത്തിയെങ്കിലും ഉന്നതങ്ങളില്‍ ബന്ധം ഉള്ളതിനാല്‍ സജീഷിനെ പിടികൂടാന്‍ കഴിഞ്ഞില്ല. കേരളത്തിലങ്ങോളമിങ്ങോളം പ്രതിയെ അന്വേഷിക്കുന്നതിനിടയിലും പേരമംഗലത്തെ സമ്പന്ന കുടുംബത്തില്‍ സന്ദര്‍ശകനായിരുന്നു സജീഷെന്ന് അന്വേഷണ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സജീഷ് തൃശൂരിലെ ഒരു വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് കഴിയവെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് റേഞ്ച് റോവര്‍ കാര്‍ വാങ്ങാനെത്തിയപ്പോഴാണ് പരിചയപ്പെട്ടത്. ആരുമായും വേഗത്തില്‍ സൗഹൃദം സ്ഥാപിക്കാന്‍ പ്രത്യേക കഴിവുള്ള സജീഷ് പെണ്‍കുട്ടിയുടെ പിതാവും കുടുംബവുമായും ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചു.

വീട്ടിലെ നിത്യ സന്ദര്‍ശകനായതോടെ സമ്പന്നന്റെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ മകളെ കുതിരസവാരി പഠിപ്പിക്കാന്‍ തയ്യാറായി. ഒരു തരത്തിലും ഇതിന് വീട്ടുകാരോ പെണ്‍കുട്ടിയുടെ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. കുതിര സവാരി പരിശീലനത്തിനിടയില്‍ പെണ്‍കുട്ടിയുമായി അടുത്ത് ഇടപെഴകുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.

ഇതിനിടയിലാണ് സജീഷിനെതിരെ മെഡിക്കല്‍ തട്ടിപ്പ് കേസുകള്‍ ഉണ്ടായതും ഒളിവല്‍ പോയതും. സീറ്റ് തട്ടിപ്പിലൂടെ കോടികള്‍ തട്ടിപ്പാക്കിയ സജീഷിന്റെ ജീവിതം ആഡംബര പൂര്‍ണ്ണമായിരുന്നു. വന്‍കിട കാറുകളും ഹെലികോപ്റ്ററുകളും വാടകയ്‌ക്കെടുത്ത് രാജ്യത്തുടനീളം ചുറ്റിക്കറങ്ങുകയായിരുന്നു സജീവും സംഘവുമെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടയിലാണ് സജീഷ് പേരമംഗലത്ത് തിരിച്ചെത്തി 16 കാരിയേയും കൊണ്ട് സ്ഥലംവിട്ടത്. കന്നഡ, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലുക്ക്ഔട്ട് നോട്ടീസാണ് പുറത്തിറക്കിയത്. സജീഷിനെക്കുറിച്ചോ, പെണ്‍കുട്ടിയെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാര്‍ ആലക്കല്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍: 9497987314, 04994257831.



































Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved