Latest News :
Home » , , » കെജ്രിവാളിന് തിരിച്ചടി: ഡല്‍ഹിയുടെ ഭരണത്തലവന്‍ ഗവര്‍ണര്‍ തന്നെയെന്ന് ഹൈകോടതി

കെജ്രിവാളിന് തിരിച്ചടി: ഡല്‍ഹിയുടെ ഭരണത്തലവന്‍ ഗവര്‍ണര്‍ തന്നെയെന്ന് ഹൈകോടതി

Written By Muhimmath News on Thursday, 4 August 2016 | 12:41

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭരണം നടത്തുന്നതാരെന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ നജീബ് ജങ് തന്നെയെന്ന് ഡല്‍ഹി ഹൈകോടതി വിധിച്ചു. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാന്‍ ബാധ്യസ്ഥനാണെന്നഎ.എ.പി സര്‍ക്കാറിന്റെ വാദം കഴമ്പില്ലാത്തതും അംഗീകരിക്കാനാവാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭാഗിക സംസ്ഥാന പദവി മാത്രമുള്ള ഡല്‍ഹിയില്‍ പൊലീസും മറ്റ് സുപ്രധാന വകുപ്പുകളും  കേന്ദ്രസര്‍ക്കാറിന്റ നിയന്ത്രണത്തിലാണ്. ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാറിന് അധികാരമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം എ.എ.പി സര്‍ക്കാര്‍ ഡല്‍ഹി ഹൈകോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഭരണഘടനാപരമായ അധികാരങ്ങള്‍  കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനുമായി വിഭജിച്ച് ഡല്‍ഹി ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഡല്‍ഹിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ ബി.ജെ.പിക്ക് മൂന്ന് അംഗങ്ങള്‍ മാത്രമാണുള്ളത്. ആം ആദ്മി പാര്‍ട്ടിക്ക് 67 ഉം. ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ കേന്ദ്രത്തിെന്റ പ്രതിനിധിയായ ലഫ്റ്ററന്റ് ഗവര്‍ണര്‍ക്ക് അവഗണിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി എ.എ.പി രംഗത്തെത്തിയിരുന്നു.

അതേസമയം, തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി  സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. അധികാര പരിധി സംബന്ധിച്ച തര്‍ക്കം  രാജ്യ തലസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടാക്കിയിരിക്കുകയാണെന്ന് എ.എ.പി സര്‍ക്കാറിെന്റ അഭിഭാഷക ഇന്ദിര ജെയ്‌സിങ് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

മുമ്പ് പലതവണ ഡല്‍ഹിയിലെ കേന്ദ്ര ഇടപെടലിനെ വിമര്‍ശിച്ച് കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു. ലഫ്റ്റണന്റ് ഗവര്‍ണറുടെയും കേന്ദ്രത്തിന്റെയും ഇടപെടലില്‍ നിന്ന് സര്‍ക്കാറിന് ആസാദി( സ്വാതന്ത്ര്യം) വേണമെന്നും ഡല്‍ഹിയില്‍ ഹിത പരിശോധന നടത്തണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved