നായമാര്‍മൂല: നായമ്മാര്മൂലയിലെ കേന്ദ്ര സര്‍വ്വകലാശാല കെട്ടിടത്തിന് മുന്നില്‍ അപകട ഭീഷണി ഉയര്‍ത്തി നിന്നിരുന്ന കൂറ്റന്‍ മരത്തിന്റെ ഒരു ഭാഗം വെള്ളിയാഴ്ച വൈകുന്നേരം വൈദ്യുതി ലൈനിനു മുകളില്‍ പൊട്ടി വീണു. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായത്. മൂന്നോളം വൈദ്യുതി പോസ്റ്റുകള്‍ പൊട്ടി നിലം പതിക്കാറായ അവസ്ഥയിലാണ്. ഇത് മൂലം വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ നായമ്മാര്മൂലയിലെ ഒരു ഭാഗം ഇരുട്ടിലായി. പൊളിഞ്ഞു വീഴാറായ പോസ്റ്റുകള്‍ മാറ്റിസ്ഥാപിച്ചു ശനിയാഴ്ച വൈകുന്നേരത്തോടെ വൈദ്യുതി പുനഃസ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊളിഞ്ഞു വീഴാറായ മരത്തിന്റെ അപകടാവസ്ഥ സംബന്ധിച്ചു ഒരു മാസം മുമ്പ് എല്ലാ പത്രങ്ങളിലും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അധികൃതര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു. കേന്ദ്ര സര്‍വ്വകലാശാല, മൂന്ന് എ.ടി.എമ്മുകള്‍, കാര്‍ ഷോറൂം, തിരക്ക് പിടിച്ച നിരവധി വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്ന ഇവിടെ എന്നും ജനത്തിരക്ക് ഉണ്ടാവാറുള്ള സ്ഥലമാണ്. എന്നാല്‍ ഇന്നലെ മരം വീണ സമയത്ത് ആരും ആ ഭാഗത്തു ഉണ്ടാവാതിരുന്നത് മൂലം വലിയൊരു അപകടമാണ് ഒഴിവായത്. ഇനിയും ഇതേ മരത്തിന്റെ ഒരു ഭാഗം ദ്രവിച്ചു ഏത് സമയത്തും വീഴാവുന്ന അവസ്ഥയിലാണുള്ളത്. മരം പൊട്ടി വീണ് അപകടം സംഭവിക്കുന്നതിനു മുന്‍പ് അത് മുറിച്ചു മാറ്റുന്നതിന് വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Post a Comment