Latest News :
Home » , , » താടി വളര്‍ത്താന്‍ അനുമതി തേടി ഹൈക്കോടതിയില്‍ പൊലീസുകാരന്റെ ഹര്‍ജി

താടി വളര്‍ത്താന്‍ അനുമതി തേടി ഹൈക്കോടതിയില്‍ പൊലീസുകാരന്റെ ഹര്‍ജി

Written By Muhimmath News on Tuesday, 30 August 2016 | 12:24

കൊച്ചി: താടി വളര്‍ത്താന്‍ അനുമതി നിഷേധിച്ചതിനെതിരെ സിവില്‍ പൊലീസ് ഓഫീസര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടുതേടി. എറണാകുളം ആംഡ് റിസര്‍വ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ. റിയാസ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും ഡി.ജി.പിക്കും നോട്ടീസ് നല്‍കാനും നിര്‍ദ്ദേശിച്ചു.
സ്ഥിരമായി താടിവെച്ച് ജോലിക്ക് ഹാജരാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

2012ല്‍ റംസാന്‍ കാലത്ത് താടി വളര്‍ത്താന്‍ മേലുദ്യോഗസ്ഥന്‍ അനുമതി നല്‍കിയിരുന്നു. 2013ല്‍ സ്ഥിരം താടിവെയ്ക്കാന്‍ അനുമതി തേടിയെങ്കിലും മതപരമായ കാര്യമായതിനാല്‍ സര്‍ക്കാര്‍ തീരുമാനിക്കണമെന്നു പറഞ്ഞ് അസി. കമാന്‍ഡന്റ് അപേക്ഷ മടക്കുകയായിരുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു.

വ്യോമസേനയിലും നാവികസേനയിലും മതപരമായ കാരണത്താല്‍ താടി വളര്‍ത്താന്‍ അനുമതി നല്‍കാറുണ്ടെന്ന് ചൂണ്ടിക്കാട്ടി റിയാസ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് മാനുവലില്‍ ഇതിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി അപേക്ഷ നിരസിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

പക്ഷേ, പൊലീസ് മാനുവലില്‍ പൊലീസുകാര്‍ താടി വളര്‍ത്തരുതെന്ന് പറയുന്നില്ലെന്നും ഇതുസംബന്ധിച്ച് ഏതെങ്കിലും വ്യവസ്ഥകള്‍ സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളിലില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
മതാചാരത്തിന്റെ ഭാഗമായി താടി വളര്‍ത്താന്‍ അനുമതി തേടിയതു നിഷേധിക്കുന്നതു ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും തുല്യനീതിയുടെയും നിഷേധമാണെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved