Latest News :
Home » , » കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Written By Muhimmath News on Thursday, 25 August 2016 | 19:31

കണ്ണൂര്‍: പേരാവൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കടുക്കാപാലം ആര്‍.എസ് എസ് മണ്ഡലം കാര്യവാഹക് പാലക്കാവ് സുകേഷിനാണ് വെട്ടേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു സംഭവം. തലയിലും കയ്യിലും വയറിലും വെട്ടേറ്റ സുകേഷിനെ തലശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടുക്കാപാലത്ത് സുഹൃത്തിന്റെ വീടുപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയാണ് സുകേഷിന് വെട്ടേറ്റത്. അക്രമി സംഘം വീടിനു നേരെ ബോംബെറിഞ്ഞ് പരിസരത്ത് ഭീതി പടര്‍ത്തിയ ശേഷം സുകേഷിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. സുകേഷിന്റെ സുഹൃത്തുക്കളായ സന്തോഷ്, ദീപേഷ്, അരുണ്‍ എന്നിവര്‍ക്ക് ഇരുമ്പുവടികൊണ്ടുള്ള മര്‍ദനമേറ്റു. ബോംബേറില്‍ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്ത് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കാക്കയങ്ങാട് മേഖലയില്‍ സംഘര്‍ഷവും ബോംബേറും നടന്നതായും റിപ്പോര്‍ട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved