Latest News :
Home » , , » സ്‌കോട്ട്‌ലന്‍ഡ്, കനേഡിയന്‍ പോലിസില്‍ ഹിജാബ് ധരിക്കാന്‍ അനുമതി

സ്‌കോട്ട്‌ലന്‍ഡ്, കനേഡിയന്‍ പോലിസില്‍ ഹിജാബ് ധരിക്കാന്‍ അനുമതി

Written By Muhimmath News on Friday, 26 August 2016 | 09:57

ലണ്ടന്‍: ഫ്രാന്‍സില്‍ ബുര്‍ഖിനിക്ക് നിരോധനമേര്‍പ്പെടുത്തിയതിനു പിന്നാലെ സ്‌കോട്ട്‌ലന്‍ഡ് പോലിസിലും കനേഡിയന്‍ ദേശീയ പോലിസിലും ഹിജാബ് യൂനിഫോമിന്റെ ഭാഗമായി പരിഗണിക്കാന്‍ തീരുമാനം. അതിനിടെ ഫ്രാന്‍സിലെ 30 നഗരങ്ങളില്‍ ബുര്‍ഖിനിക്ക് ഏര്‍പ്പെടുത്തിയ നിരോധനം എടുത്തുകളയണമെന്ന് ഫ്രാന്‍സിലെ ഉയര്‍ന്ന കോടതി ആവശ്യപ്പെട്ടു.

മുസ്‌ലിം സ്ത്രീകള്‍ നീന്തുമ്പോള്‍ ഉപയോഗിക്കുന്ന ശരീരം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖിനി ഫ്രാന്‍സിലെ ഏതാനും റിസോര്‍ട്ടുകളില്‍ നിരോധിച്ചിരുന്നു. ഇതിനെതിരേ നിരവധി പേരാണു പ്രതിഷേധവുമായെത്തിയത്. 

ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഫ്രാന്‍സിന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ചു. ഇതിനു പിന്നാലെയാണു ഹിജാബ് യൂനിഫോമിനൊപ്പം പരിഗണിക്കുമെന്നു സ്‌കോട്ട്‌ലന്‍ഡ് പോലിസ് അറിയിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ലണ്ടനില്‍ മുസ്‌ലിംകളായ വനിതാ പോലിസുകാര്‍ക്ക് യൂനിഫോമിന്റെ കൂടെ ഹിജാബ് ധരിക്കാന്‍ അനുമതിയുണ്ട്.
മുസ്‌ലിം സമുദായത്തില്‍ നിന്നും പോലീസിന് പിന്തുണയുണ്ടാകേണ്ടതുണ്ടെന്നും അതിനാല്‍ സന്തോഷത്തോടെയാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്നും സ്‌കോട്ട്‌ലന്‍ഡ് പോലിസ് മേധാവി ഫില്‍ ഗോംലി പറഞ്ഞു. കാനഡയിലെ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലിസാണ് (ആര്‍സിഎംപി) സ്ത്രീകള്‍ക്കു ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കിയത്.

യൂനിഫോമിനു പുറമെ താല്‍പര്യമുള്ള മുസ്‌ലിം സ്ത്രീകള്‍ക്കു ഹിജാബും കൂടി ധരിക്കാന്‍ അനുമതി നല്‍കുന്നതായി പൊതുസുരക്ഷാ മന്ത്രി റാള്‍ഫ് ഗൂഡേലിന്റെ വക്താവ് സ്‌കോട്ട് ബാര്‍ഡ്‌സ്‌ലി അറിയിച്ചു. കാനഡ എല്ലാവരുടെയും മതവിശ്വാസത്തെയും സംസ്‌കാരത്തെയും ആചാരങ്ങളും മൂല്യങ്ങളും ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സ്ത്രീകള്‍ സൈന്യത്തില്‍ ചേരുന്നതിനെ പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യംവയ്ക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2013ലെ കണക്കുപ്രകാരം ആര്‍സിഎംപിയില്‍ 20 ശതമാനവും സ്ത്രീകളാണ്. കാനഡയില്‍ മൂന്നാമത്തെ പോലിസ് വിഭാഗമാണ് ഹിജാബിന് അനുമതി നല്‍കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved