Latest News :
Home » , , » പെട്രോള്‍ ബങ്ക് ഉടമയെ അടിച്ചുവീഴ്ത്തി കൊള്ള; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

പെട്രോള്‍ ബങ്ക് ഉടമയെ അടിച്ചുവീഴ്ത്തി കൊള്ള; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

Written By Muhimmath News on Friday, 12 August 2016 | 10:38

തൃക്കരിപ്പൂര്‍: പെട്രോള്‍ ബങ്ക് ഉടമയെ ആക്രമിച്ച് 3.16 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെ സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ച് തെളിവെടുപ്പ് നടത്തി. 

പയ്യന്നൂര്‍ തായിനേരിയിലെ മുഹമ്മദ് ഷവാദ്ഖാന്‍(19), മംഗളൂരു ബണ്ട്വാള്‍ ബി.സി.റോഡ് സ്വദേശി ഉബൈദ്(20), രാമന്തളി സ്വദേശി മിഥുന്‍ കൃഷ്ണന്‍(24) എന്നിവരെ എത്തിച്ചാണു നീലേശ്വരം സിഐ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. പാലത്തിനു പടിഞ്ഞാറു ഭാഗത്തെ മരമില്ലിനു സമീപത്തെ വളവില്‍ വച്ചു തങ്കയം കാക്കുന്നത്തെ പെട്രോള്‍ ബങ്കുടമയും റിട്ടയേര്‍ഡ് അധ്യാപകനുമായ കുണിയനിലെ കെ.രാമകൃഷ്ണനെ ആക്രമിച്ച സ്ഥലവും പണം സ്‌കൂട്ടറും തട്ടിയെടുത്ത ശേഷം ഉടമയെ വയലിലേക്ക് തള്ളിയിട്ട സ്ഥലവും പ്രതികള്‍ അന്വേഷണ സംഘത്തിനു കാണിച്ചുകൊടുത്തു. 

തട്ടിയെടുത്ത ബാഗില്‍ നിന്നും കിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചു പണം പിന്‍വലിക്കാന്‍ ശ്രമിച്ച ചെറുവത്തൂര്‍, നീലേശ്വരം എന്നിവിടങ്ങളിലെ എടിഎം കൌണ്ടറുകളിലും പ്രതികളെ എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പു നടത്തിയിരുന്നു. അക്രമത്തിനും കൊള്ളയടിക്കും ഇരയായ പമ്ബുടമ രാമകൃഷ്ണനും പോലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പ്രതികളെ ഇദ്ദേഹവും തിരിച്ചറിഞ്ഞു.

 കൊള്ളയടിച്ച സംഭവത്തില്‍ വിശദമായ അനേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടുതരണമെന്ന സിഐയുടെ അപേക്ഷ പരിഗണിച്ച് രണ്ടു ദിവസത്തേക്കാണു ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാം കഌസ് മജിസ്‌ട്രേറ്റു കോടതി അഞ്ചു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഇന്ന് ഉച്ചയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും. ഈ മാസം രണ്ടിനു രാത്രി 11ഓടെയാണ് പെട്രോള്‍ ബങ്ക് അടച്ചു വീട്ടിലേക്കു പോവുകയായിരുന്ന പമ്ബുടമയെ എടാട്ടുമ്മല്‍ കുണിയന്‍ റോഡില്‍വച്ച് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം കൊള്ളയടിച്ചത്. നീലേശ്വരം സിഐ വി.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 1,44,300 രൂപയും പിടികൂടിയിരുന്നു. സംഘത്തിന്റെ ബൈക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും കണ്െടടുത്തതായി സി.ഐ.പറഞ്ഞു. 

രാമന്തളി സ്വദേശിയും മിഥുന്‍ കൃഷ്ണന്റെ സഹോദരനുമായ യദു കൃഷ്ണന്‍(28), തൃക്കരിപ്പൂര്‍ പൊറോപ്പാട് സ്വദേശി മുബാറക്(19) എന്നിവരെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കൊള്ളയടിച്ചതില്‍ ബാക്കിയുള്ള തുക ഉപയോഗിച്ചു സാധനങ്ങളും വസ്ത്രവും വാങ്ങിയ കടകളിലും തെളിവെടുപ്പു നടത്തും. പ്രതികളെ ചോദ്യം ചെയ്തതില്‍ സംഭവം സംബന്ധിച്ചു വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതികളില്‍ രണ്ടുപേര്‍ കൊലക്കേസിലും കഞ്ചാവ് കേസിലും പ്രതികളാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved