Latest News :
Home » » തൃക്കണ്ണാട്ട് കാറിടിച്ച് വിദ്യാര്‍ത്ഥിയുടെ മരണം: കോണ്‍ഗ്രസ് നേതാവ് റിമാന്റില്‍

തൃക്കണ്ണാട്ട് കാറിടിച്ച് വിദ്യാര്‍ത്ഥിയുടെ മരണം: കോണ്‍ഗ്രസ് നേതാവ് റിമാന്റില്‍

Written By Muhimmath News on Tuesday, 30 August 2016 | 17:55

കാസര്‍കോട്: കാറിടിച്ച് വിദ്യാര്‍ത്ഥി മരിക്കുകയും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ തൃക്കണ്ണാട്ടെ വി.ആര്‍ വിദ്യാസാഗറി(52)നെ ബേക്കല്‍ സി.ഐ. വി.കെ വിശ്വംഭരന്‍ അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ജുഡീഷ്യല്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കും മദ്യപിച്ച് വണ്ടിയോടിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ വിദ്യാസാഗറിന് വേണ്ടി കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി സുകുമാരന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉദുമയിലുള്ളതായി വിവരം ലഭിച്ചു. ഇക്കാര്യം പൊലീസ് തിരിച്ചറിഞ്ഞുവെന്ന് വ്യക്തമായതോടെ ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തൃക്കണ്ണാട്ട് തീരദേശ ഹര്‍ത്താല്‍ നടത്തിയിരുന്നു. തൃക്കണ്ണാട്ട് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരമണിക്കാണ് അപകടം നടന്നത്. ബേക്കല്‍ തമ്പ്രാന്‍ വളപ്പിലെ പ്രശാന്ത് (16) ആണ് അപകടത്തില്‍ മരണപ്പെട്ടത്. സുഹൃത്തുക്കളായ വിജയ്, ശരത്, ജിത്തു എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved