Latest News :
Home » , , , » തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനത്തിനു തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനത്തിനു തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

Written By Muhimmath News on Wednesday, 3 August 2016 | 17:33



ദുബായ്: തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് പോയ എമിറേറ്റ്‌സ് ഇ.കെ 521 വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 275 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നും അടിയന്തരമായി നിലത്തിറക്കുകയാണെന്നുമുള്ള സന്ദേശത്തെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ അഗ്‌നിശമനസേന ഉള്‍പ്പെടെയുള്ളവര്‍ സര്‍വ്വസജ്ജരായിരുന്നു.

ഇടിച്ചിറക്കിയ വിമാനത്തിന് ഉടന്‍ തന്നെ തീപിടിച്ചെങ്കിലും യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു. വിമാനം ഭാഗീകമായി കത്തി നശിച്ചു. പ്രദേശിക സമയം 12.45നായിരുന്നു സംഭവം. രാവിലെ പത്തുമണിയോടെയാണ് വിമാനം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. അതേസമയം, വിമാനത്തിന് തീപിടിക്കാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് എമിറേറ്റ് അധികൃതര്‍ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷക്കാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതെന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

അടിയന്തിര സന്ദേശത്തെ തുടര്‍ന്ന് സ്ഥിരം ഇറങ്ങേണ്ട റണ്‍വേയില്‍ നിന്നുമാറി ലാന്‍ഡ് ചെയ്യാനാണ് കണ്‍ട്രോള്‍ റൂമില്‍ നിന്നു പൈലറ്റിന് നിര്‍ദേശം ലഭിച്ചത്. ലാന്‍ഡിങ് സമയത്ത് വിമാനത്തിന് വലിയ ഇളക്കം അനുഭവപ്പെട്ടിരുന്നുവെന്ന് യാത്രക്കാരന്‍ പറഞ്ഞു. എന്നാല്‍, വിമാനത്തിന് തകരാര്‍ ഉണ്ടെന്നോ ഇടിച്ചിറക്കുകയാണെന്നോ യാത്രക്കാരെ പൈലറ്റ് അറിയിച്ചിരുന്നില്ല.

ലാന്‍ഡിങ്ങിനിടെ വലതുഭാഗത്ത് പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടാവുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. യാത്രക്കാരുടെ ലഗേജുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

അപകടത്തെ തുടര്‍ന്ന് ദുബായ് ടെര്‍മിനല്‍ മൂന്ന് താല്‍ക്കാലികമായി അടച്ചു. വിമാന സര്‍വീസുകള്‍ ഷാര്‍ജയിലേക്കും അല്‍ മഖ്തൂമിലേക്കും തിരിച്ചുവിട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved