Latest News :
Home » , » ചത്ത പശുക്കളെ നീക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് പ്രതിജ്ഞ; മോദിയുടെ തട്ടകത്തില്‍ ദളിതരുടെ വന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം

ചത്ത പശുക്കളെ നീക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് പ്രതിജ്ഞ; മോദിയുടെ തട്ടകത്തില്‍ ദളിതരുടെ വന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം

Written By Muhimmath News on Monday, 15 August 2016 | 21:46



ഉന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തില്‍ ദളിത് പ്രതിഷേധക്കാരുടെ വന്‍ സ്വാതന്ത്ര്യദിനാഘോഷം. പശുക്കളെ കൊന്ന് തോല്‍ ഉരിയാന്‍ ശ്രമിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉനയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ചെങ്കോട്ടയില്‍ മോദി പ്രസംഗിച്ച സമയത്താണ് ഉനയിലെ പ്രതിഷേധം എന്നതാണ് ശ്രദ്ധേയം.



ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല ഉനയില്‍ പതാക ഉയര്‍ത്തി. അംബേദ്കറുടെ പ്രതിമയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ആയിരക്കണക്കിന് ദളിതരാണ് പങ്കെടുത്തത്. എച്ച്ഡി ഹൈസ്‌കൂള്‍ മൈതാനത്ത് ചേര്‍ന്ന യോഗത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി കനയ്യകുമാര്‍ അഭിസംബോധന ചെയ്തു. ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പൊള്ളത്തരം പുറത്തുകാണിക്കുമെന്ന് കനയ്യകുമാര്‍ പറഞ്ഞു.

ചത്ത പശുക്കളെ ഇനി ഒരിക്കലും തങ്ങള്‍ നീക്കം ചെയ്യില്ലെന്ന് ഇവിടെ കൂടിയവര്‍ പ്രതിജ്ഞ ചെയ്തു. സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുക്കളെയാണ് ആക്രമണത്തിനിരയായ ദളിത് യുവാക്കള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved