Latest News :
Home » , , , , » നാദാപുരം കൊല; പ്രതികള്‍ വലയിലെന്ന് സൂചന

നാദാപുരം കൊല; പ്രതികള്‍ വലയിലെന്ന് സൂചന

Written By Muhimmath News on Saturday, 13 August 2016 | 12:48

കോഴിക്കോട്: നാദാപുരത്ത് കൊല്ലപ്പെട്ട മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നോളം യുവാക്കള്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന. പ്രതികളെന്ന് കരുതുന്ന സംഘത്തില്‍പെട്ട ഏതാനും പേര്‍ പൊലീസ് നിരീക്ഷണത്തിലുമാണ്. എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സംഘം ഉപയോഗിച്ച കാറും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് കൊല്ലപ്പെട്ട തൂണേരി കണ്ണങ്കൈ സ്വദേശി കാളിയപറമ്പത്ത് അസ്ലം (24). വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ചാലപ്രം പെട്ടി പ്പീടികക്ക് സമീപം വെള്ളൂര്‍ റോഡില്‍ വച്ചാണ് അക്രമി സംഘം അസ്ലമിനെ വെട്ടിയത്. 

നാദാപുരം ഭാഗത്ത് നിന്ന് സ്‌കൂട്ടിയില്‍ നരോങ്കുന്നിലെ കളിസ്ഥലത്തേക്ക് പോവുകയായിരുന്ന അസ്ലമിനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന സംഘം വെള്ളൂര്‍ റോഡിന്റെ തുടക്കത്തില്‍ വച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം വാള്‍കൊണ്ട് വെട്ടുകയായിരുന്നു. പത്തോളം വെട്ടുകള്‍ ഏറ്റ അസ്ലമിന്റെ കൈ അറ്റു തൂങ്ങിയ നിലയിലാണ്. ബൈക്കിനു പിന്നില്‍ ഉണ്ടായിരുന്ന അസ്ലമിന്റെ സുഹൃത്ത് ഒരങ്ങാട്ട് പൊയില്‍ ഷാഫിക്കും പരിക്കുണ്ട്. 

ഷാഫിയുടെ നിലവിളി കേട്ട് പരിസര വാസികള്‍ ഓടി എത്തുമ്പോഴേക്കും അക്രമികള്‍ ഇന്നോവയില്‍ കയറി രക്ഷപ്പെട്ടിരുന്നു. ഷാഫി ഓര്‍മ്മിച്ച ഇന്നോവയുടെ നമ്പര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. കാറില്‍ പതിച്ച നമ്പര്‍ വ്യാജമാണോ എന്ന് പോലീസ് പരിശോധിക്കും. 

വെള്ളൂര്‍ കോടഞ്ചേരി ഭാഗത്തേക്കാണ് കൃത്യം നിര്‍വഹിച്ച സംഘം പോയതെന്ന് പറയുന്നു. കുറ്റിയാടി സി.ഐ സജീവനാണ് അന്വേഷണ ചുമതല. റൂറല്‍ പൊലീസ് സൂപ്രണ്ട് വിജയകുമാര്‍, നാദാപുരം എ.എസ് പി.ആര്‍ കറുപ്പസാമി കുറ്റിയാടി സി.ഐ സജീവന്‍, എസ്.ഐ മാരായ അഭിലാഷ്, എം.സിപ്രമോദ് എന്നിവരുടെ നേത്രത്വത്തില്‍ പ്രദേശത്ത് കനത്ത പോലീസ് സംഘം സ്ഥലത്ത് കാവലുണ്ട്. അസ്ലമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്  യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved