Latest News :
Home » , » ഒന്നിനെയും ഭയമില്ല, തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു: മാണി

ഒന്നിനെയും ഭയമില്ല, തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു: മാണി

Written By Muhimmath News on Monday, 8 August 2016 | 11:56

കോട്ടയം: യു.ഡി.എഫ് വിടാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. പാര്‍ട്ടിയെടുത്ത തീരുമാനത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തങ്ങള്‍ മുന്നണി വിട്ട് പോകുന്നതിനോട് വിയോജിപ്പുള്ളവരാണ് സംസാരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ലീഗിനോട് സൗഹാര്‍ദ മനോഭാവമാണ് ഉള്ളതെന്നും മുസ്ലിം ലീഗ് നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ മാണി വ്യക്തമാക്കി.

വീക്ഷണം കോണ്‍ഗ്രസിന്റെ മുഖപത്രമാണ്. യു.ഡി.എഫ് വിട്ടുപോകുന്നവരെ എതിര്‍ക്കുന്നത് സ്വാഭാവികമാണ്. ഇത്രയും കാലം മിത്രങ്ങളായിരുന്ന പലരും ശത്രുക്കളാകാം. ഏതു പ്രതിസന്ധിയേയും നേരിടാന്‍ തീരുമാനിച്ച് തന്നെയാണ് തീരുമാനമെടുത്തത്. ഞങ്ങള്‍ക്ക് കൂട്ടുകാരായി ആരുമില്ല. പ്രതിസന്ധികളെ ഒറ്റക്ക് നേരിടും. പല നിര്‍ണായക ചരിത്ര സന്ദര്‍ഭങ്ങളിലും ഒറ്റക്ക് കരുത്ത് തെളിയിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒന്നും ഭയപ്പെടാനില്ല. എല്‍ഡിഎഫുമായി എന്തെങ്കിലും ചര്‍ച്ച നടന്നോ എന്ന ചോദ്യത്തോട് കെ.എം.മാണി പ്രതികരിച്ചില്ല.

അതേസമയം, പ്രതിപക്ഷ ചീഫ് വിപ്പായിരുന്ന കേരള കോണ്‍ഗ്രസ് എം.എല്‍.എ എന്‍.ജയരാജ് ഉച്ചയോടെ രാജി സമര്‍പ്പിക്കും. പാര്‍ട്ടി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സ്ഥാനം രാജിവെക്കുന്നതെന്ന് ജയരാജ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ധാരണയായതായി സൂചന. കോണ്‍ഗ്രസിനെതിരായി മാണി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനും ഒത്തുതീര്‍പ്പു ശ്രമങ്ങളുമായി പിന്നാലെ പോകേണ്ടതില്ലെന്നും കോണ്‍ഗ്രസ് തീരുമാനിച്ചതായാണ് അറിയുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേരുന്നുണ്ട്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാണി വിഭാഗവുമായി പുലര്‍ത്തേണ്ട ബന്ധം സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉച്ചക്ക് പത്രസമ്മേളനം നടത്തും. ചരല്‍ക്കുന്നില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിനും ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കും എതിരായി മാണി വിഭാഗം നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കാലുവാരിയെന്നും മാണിയെ പാലായില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇത്തരം ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ത്തന്നെ മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved