Latest News :
Home » , , » ദാഇഷ് ബന്ധം: യാസ്മിനെ ജില്ലാ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

ദാഇഷ് ബന്ധം: യാസ്മിനെ ജില്ലാ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

Written By Muhimmath News on Friday, 5 August 2016 | 12:19

കാസര്‍കോട്: തൃക്കരിപ്പൂരില്‍നിന്നും പടന്നയില്‍നിന്നും കാണാതായവര്‍ ദാഇഷില്‍ ചേര്‍ന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയായ ബീഹാര്‍ സ്വദേശിനിയും ഡല്‍ഹിയില്‍ താമസക്കാരിയുമായ യാസ്മിന്‍ മുഹമ്മദിനെ (29) ജില്ലാ സെഷന്‍സ് കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. 

നാല് ദിവസം മുമ്പ് ഡെല്‍ഹി വിമാനത്താവളത്തില്‍നിന്നും കാബൂളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് യാസ്മിന്‍ മുഹമ്മദിനെ കേസ് അന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ സുനില്‍ ബാബുവും സംഘവും കസ്റ്റഡിയിലെടുത്തത്. പിന്നീട് കാസര്‍കോട്ട് കൊണ്ടുന്നവന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.


കേസിന്റെ തുടരന്വേഷണവുമായിബന്ധപ്പെട്ട് കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് കാണിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് പ്രതി യാസ്മിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഓഗസ്റ്റ് എട്ടിന് യാസ്മിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്ന് ജില്ലാ ജഡ്ജ് നിര്‍ദേശിച്ചു. അന്വേഷണവുമായിബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി തയ്യാറായില്ല. കസ്റ്റഡിയിലെടുക്കുമ്പോള്‍ യാസ്മിനൊപ്പമുണ്ടായിരുന്ന ഇവരുടെ നാല് വയസുള്ള ആണ്‍ കുട്ടിയും ഇവര്‍ക്കൊപ്പമുണ്ട്.


തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്നും കാണാതായ 17 പേരെയും വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചുവെന്ന കുറ്റംചുമത്തിയാണ് യാസ്മിന്‍ മുഹമ്മദിനെ പോലീസ് അറസ്റ്റുചെയ്തത്. കേസില്‍ രണ്ടാം പ്രതിയാണ് യാസ്മിന്‍. തീവ്രവാദ സംഘടനായ ദാഇഷുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുര്‍ റാഷിദിന്റെ (32) പ്രധാന സഹായിയാണ് യാസ്മിനെന്ന് പോലീസ് പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved