Latest News :
Home » » മയിച്ച ദേശീയപാതയില്‍ വീണ്ടും അപകടം; അഞ്ചു യാത്രക്കാര്‍ക്ക് പരിക്ക്

മയിച്ച ദേശീയപാതയില്‍ വീണ്ടും അപകടം; അഞ്ചു യാത്രക്കാര്‍ക്ക് പരിക്ക്

Written By Muhimmath News on Monday, 19 September 2016 | 10:25

ചെറുവത്തൂര്‍: മയിച്ച ദേശീയ പാതയില്‍ അപകടം തുടര്‍ക്കഥയാവുന്നു. ഞായറാഴ്ച വൈകുന്നേരം കാര്‍ ഇടിച്ചു യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു അഞ്ചു പേര്‍ക്ക് പരിക്ക്. നീലേശ്വരം കോട്ടപ്പുറത്തെ ആയിഷ(55) മകള്‍ ബുഷ്‌റ(30), ബുഷ്‌റയുടെ മകന്‍ ഇന്‍സാന്‍(അഞ്ച്) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. 

ഇവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുഷ്‌റയുടെ ഒരു മാസം പ്രായമായ കുഞ്ഞ് പരിക്കില്ലാതെ രക്ഷപ്പെട്ടു. ഒട്ടോ ഡ്രൈവര്‍ തൈക്കടപ്പുറത്തെ അബ്ദുള്‍ റഹ്മാന്‍(50), കാര്‍ ഡ്രൈവര്‍ പയ്യന്നൂര്‍ മമ്പലത്തെ ചന്ദ്രന്‍(46)എന്നിവര്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. നീലേശ്വരം തൈക്കടപ്പുറത്ത് നിന്നും ചെറുവത്തൂരിലേക്ക് പോകുകയായിരുന്ന ഓട്ടോയില്‍ കാര്‍ ഇടിക്കുകയായിരുന്നു. 

മയിച്ച ചെറിയ പാലത്തിന് സമീപത്തു നിന്നാണ് ഓട്ടോയില്‍ കാറിടിച്ചു താഴ്ചയിലേക്ക് മറിഞ്ഞത്. കഴിഞ്ഞ ദിവസം കൊല്ലൂര്‍ മൂകാംബികയിലേക്ക് തീര്‍ഥാടനത്തിന് പോയ മിനി ബസില്‍ സ്വകാര്യ ബസ് ഇടിച്ചു മറിഞ്ഞിരുന്നു. വര്‍ഷങ്ങളായി മയിച്ചയിലും പരിസരങ്ങളിലുമായി ദേശീയപാത കുരുതിക്കളമായി മാറിയിരുന്നു.

 നിരവധി വാഹന യാത്രക്കാരുടെ ജീവന്‍ പൊലിയുകയും ഗുരുതര പരിക്കേറ്റു കിടപ്പിലാവുകയും ചെയ്തതോടെ നാട്ടുകാര്‍ ദേശീയപാത ഉപരോധം ഉള്‍പ്പെടെ പ്രക്ഷോഭ മാര്‍ഗങ്ങളുമായി രംഗത്തിറങ്ങുകയായിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved