Latest News :
Home » , , » മഞ്ചേശ്വരത്ത് വൃദ്ധദമ്പതികളെ കൊള്ളയടിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരത്ത് വൃദ്ധദമ്പതികളെ കൊള്ളയടിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Thursday, 29 September 2016 | 12:41

കാസര്‍കോട്: മഞ്ചേശ്വരം കടമ്പാറില്‍ വൃദ്ധ ദമ്പതികളുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ നാലു പേരെ കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി സുകുമാരനും സംഘവും അറസ്റ്റ് ചെയ്തു. 

മഞ്ചേശ്വരം കുണ്ടുകുളത്തെ ആബിദാ മന്‍സിലില്‍ അജ്ജു എന്ന മൊയ്തീന്‍ അന്‍സാര്‍ (23), തൂമിനാട് ഹില്‍ടോപ് നഗറില്‍ സാക്കി മന്‍സിലിലെ അബ്ദുല്‍ റഹ്മാന്‍ മുബാറക് എന്ന മുബാറക് (26), മഞ്ചേശ്വരം ഉദ്യാവര്‍ ഫസ്റ്റ് റെയില്‍വെ സിഗ്‌നല്‍ അഹമ്മദ് കോമ്പൗണ്ടില്‍ മുഹമ്മദ് ഹനീഫ എന്ന അന്‍സാര്‍ (26), മഞ്ചേശ്വരത്തെ ഹമീദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇംതിയാസ് (28) എന്നിവരാണ് അറസ്റ്റിലായത്. 



ഹൊസങ്കടി കടമ്പാര്‍കട്ടയിലെ രവീന്ദ്രനാഥ ഷെട്ടി(79)യേയും ഭാര്യ മഹാലക്ഷ്മി(66)യേയും കത്തി കാട്ടി ഭീഷണിപ്പെടുത്തി 19.5 പവന്‍ സ്വര്‍ണാഭരണവും 25,000 രൂപയും കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. ഈ മാസം 9ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊള്ള നടന്നത്. കൊള്ളക്ക് ശേഷം സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട റിട്‌സ് കാറുമായി കടന്ന് കളയുകയായിരുന്നു. ഈ കാര്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക പണമ്പൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 



അന്‍സാറിനെ കഴിഞ്ഞ ദിവസം ഹൊസങ്കടിയില്‍ വെച്ചും മറ്റു മൂന്നുപേരെ തലപ്പാടിയില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കവര്‍ച്ചാ മുതലില്‍ നിന്ന് ഒരു സ്വര്‍ണമാലയും വജ്രമോതിരവും 22,000 രൂപയും പ്രതികളുടെ കൈവശം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

 അറസ്റ്റിലായ അബ്ദുല്‍ റഹ്മാന്‍ മുബാറക് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരം തൂമിനാട്ട് പൊലീസുകാരനെ അക്രമിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഈ സംഭവത്തില്‍ മുബാറക്കിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ക്ലബ്ബില്‍ നിന്ന് ചാടി രക്ഷപ്പെട്ട ഹൊസങ്കടിയിലെ ഓട്ടോ െ്രെഡവര്‍ കടമ്പാറിലെ ഹനീഫ(27)യടക്കം രണ്ട് പേരെ പിടിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

കവര്‍ച്ചാ മുതലുകള്‍ കര്‍ണാടകയിലെ പല സ്ഥലങ്ങളിലുമായാണ് വിറ്റത്. മൂന്ന് പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ മുഖംമൂടിധരിച്ചാണ് ഇവരെ കോടതിയില്‍ ഹാജരാക്കുക.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved