Latest News :
Home » , » ബിജെപി ഓഫീസ് അക്രമം; അക്രമിയുടെ ദൃശ്യം സിസിടിവിയില്‍

ബിജെപി ഓഫീസ് അക്രമം; അക്രമിയുടെ ദൃശ്യം സിസിടിവിയില്‍

Written By Muhimmath News on Wednesday, 7 September 2016 | 11:38

തിരുവനന്തപുരം: ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ചൊവ്വാഴ്ച രാത്രി ആക്രമണം നടത്തിയ അക്രമിയുടെ ദൃശ്യം പുറത്തായി. ഓഫീസിന് സമീപത്തെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയിലാണ് അക്രമിയുടെ ദൃശ്യം പതിഞ്ഞത്. ബൈക്കിലെത്തിയ ഒരാള്‍ ഓഫീസിനു നേരെ സ്‌ഫോടകവസ്തു എറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതേ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ വീട്ടിലെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. സ്‌ഫോടനത്തിനുപയോഗിച്ച സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 11.40 ഓടെയാണ് കുന്നുകുഴിയിലെ ഓഫീസിനു നേരെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ പൊട്ടിച്ചിതറി, ജനലിനും കേടുപാടുകളുണ്ട്. ആര്‍ക്കും പരിക്കില്ല. തമ്പാനൂരിലെ മാരാര്‍ജിഭവന്‍ പുതുക്കി പണിയുന്നതിനാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സംസ്ഥാന സമിതി ഓഫീസ് കുന്നുകുഴിയിലെ ഇരുനില വാടകകെട്ടിടത്തിലേക്ക് മാറിയത്. തിരുവനന്തപുരം ലോ കോളേജിലേക്ക് തിരിയുന്ന ഐ.എം. ജിക്കടുത്തുള്ള ജംഗ്ഷനോട് ചേര്‍ന്നാണ് കുന്നുകുഴിയിലെ ബിജെപി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം.

ആക്രമണം നടക്കുമ്പോള്‍ അഞ്ചോളം ഓഫീസ് ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഉഗ്രശബ്ദത്തോടെ മുന്‍ വശത്തെ ജനല്‍ പൊട്ടുന്നത് കണ്ടാണ് ജീവനക്കാര്‍ പുറത്തുവന്നത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മ്യൂസിയം പോലീസ് സ്ഥലത്തെത്തി. പാര്‍ട്ടി ഓഫീസിന് നേരെ ഭീഷണി സന്ദേശങ്ങള്‍ വന്നതായോ, അക്രമത്തിനിടയാക്കുന്ന പ്രകോപനപരമായ സംഭവങ്ങള്‍ നടന്നതായോ റിപ്പോര്‍ട്ടില്ല. സംഭവത്തിന് ശേഷം ഓഫീസിന് മുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved