Latest News :
Home » » ബദിയടുക്കയില്‍ കൊടി നശിപ്പിച്ചതിനെച്ചൊല്ലി സംഘര്‍ഷം; സി.പി.ഐ.ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

ബദിയടുക്കയില്‍ കൊടി നശിപ്പിച്ചതിനെച്ചൊല്ലി സംഘര്‍ഷം; സി.പി.ഐ.ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

Written By Muhimmath News on Tuesday, 6 September 2016 | 13:07

ബദിയടുക്ക: കൊടി നശിപ്പിച്ചതിനെച്ചൊല്ലി ബദിയടുക്കക്ക് സമീപം ബാഞ്ച്യത്തടുക്കയില്‍ സി.പി.ഐ.-ബി.ജെ.പി സംഘട്ടനം. സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറിയെ വെട്ടേറ്റ് ഗുരുതരനിലയില്‍ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഐ ബാഞ്ച്യത്തടുക്ക ബ്രാഞ്ച് സെക്രട്ടറി സീതാരാമ(45)ക്കാണ് വെട്ടേറ്റത്.

തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. സീതാരാമയുടെ ശരീരത്തില്‍ അഞ്ചിടത്ത് വെട്ടേറ്റിട്ടുണ്ട്. വയറ്റത്തും കയ്യിലും തലയിലും മുറിവുണ്ട്. പ്രദേശത്ത് സ്ഥാപിച്ച സി.പി.ഐ.യുടെ പതാക ഒരാഴ്ച മുമ്പ് കാണാതായിരുന്നു. പിറ്റേന്ന് ബി.ജെ.പി.യുടെ രണ്ട് പതാകകളും കാണാതായി. ഇതേ ചൊല്ലി പ്രദേശത്ത് വാക്കേറ്റവും സംഘര്‍ഷാവസ്ഥയുമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് സംശയിക്കുന്നു. 

സീതാരാമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകരായ രവിതേജ, പ്രദീപ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികള്‍ കര്‍ണ്ണാടകയിലേക്ക് കടന്നതായാണ് വിവരം. ബദിയടുക്ക സി.ഐ. എ. ദാമോദരന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved